ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചെഞ്ചുകളിലൊന്നായ എഫ് ടി എക്സ് തകർച്ചയിലേക്കെന്ന സൂചനകൾ പുറത്തു വരുന്നു. ഇതിനിടയിൽ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ച് ബിനാൻസ് തങ്ങളുടെ എതിരാളികളായ എഫ് ടി എക്സിനെ രക്ഷിക്കാനുള്ള ഒരു കരാർ വച്ചതും പിന്നീട് അതിൽ നിന്നും പിന്മാറിയതും ക്രിപ്റ്റോ ലോകത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഒറ്റ രാത്രി കൊണ്ട് എഫ് ടി എക്സിനുണ്ടായ തകർച്ച ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിച്ച സാധാരണക്കാരെയാണ് കൂടുതൽ ദുരിതത്തിലാക്കിയിരിക്കുന്നത്. സാധാരണ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്ക് തകർച്ചയുണ്ടാകുമ്പോൾ ചെയ്യുന്നത് പോലെ നിക്ഷേപകരുടെ പിൻവലിക്കൽ പൂർണമായും എഫ്ടിഎക്സ് തടഞ്ഞു. എഫ് ടി എക്സ് ഈ അവസ്ഥയിലേക്ക് എത്തുന്നതിനു മുൻപ് പാപ്പരായ പല ക്രിപ്റ്റോ കമ്പനികളെയും ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നു.
ഏറ്റവും സുതാര്യമായ തലത്തിൽ സാമ്പത്തിക ഇടപാടുകൾ നടത്താമെന്ന രീതിയിൽ അവതരിപ്പിച്ച ക്രിപ്റ്റോകളുടെ ബിസിനസ്സ് സുതാര്യത ഇല്ലായ്മയാണ് നിക്ഷേപകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പല രാജ്യങ്ങളിലും ക്രിപ്റ്റോകൾ നിയമ വിധേയമല്ലാത്തതിനാൽ പ്രശ്നങ്ങളുണ്ടായാൽ എവിടെ, എങ്ങനെ പരാതിപ്പെടുമെന്നു അറിയാത്ത അവസ്ഥയിലാണ് നിക്ഷേപകർ. കഴിഞ്ഞ ഒരു വർഷം കൊണ്ട് ഏറ്റവും മൂലധനമുള്ള വലിയ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ വില 72 ശതമാനം ഇടിഞ്ഞു 50 ലക്ഷത്തിൽ നിന്നു 13 ലക്ഷം രൂപയായിരിക്കുകയാണ്. എഫ് ടി എക്സ് പ്രതിസന്ധി വീണ്ടും ബിറ്റ് കോയിന്റെ വിലയിടിക്കുമെന്ന നിഗമനമാണ് ഈ രംഗത്തെ വിദഗ്ധർ പങ്കുവയ്ക്കുന്നത്.