രാജ്യത്തെ ടെലിവിഷൻ ചാനലുകൾ ദേശീയ പ്രാധാന്യവും സാമൂഹിക പ്രസക്തവുമായ വിഷയത്തിൽ 30 മിനിറ്റ് ദൈർഘ്യമുള്ള പരിപാടി ദിവസവും സംപ്രേഷണം ചെയ്യണമെന്നു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ മാർഗരേഖ. ചാനലുകൾ അപ്‌ലിങ്ക് ചെയ്യുന്നതിനും ഡൗൺലിങ്ക് ചെയ്യുന്നതിനുമുള്ള മാർഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിദ്യാഭ്യാസം, സാക്ഷരത, ആരോഗ്യസംരക്ഷണം, ഗ്രാമ വികസനം, ശാസ്ത്ര–സാങ്കേതികവിദ്യ, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലയിലുള്ള പരിപാടികൾ സംപ്രേഷണം ചെയ്യണം. ഇതിൽനിന്നു സ്പോർട്സ് ചാനലുകളെയും മറ്റും ഒഴിവാക്കിയിട്ടുണ്ട്.
വിവിധ പരിപാടികളുടെ തത്സമയ സംപ്രേഷണത്തിനു മുൻകൂർ അനുമതി തേടണമെന്ന നിർദേശം ഒഴിവാക്കി. തൽസമയ സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ മുൻകൂർ റജിസ്ട്രേഷൻ മാത്രമേ ആവശ്യമുള്ളൂ.
11 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ചാനൽ സംപ്രേഷണം സംബന്ധിച്ച മാർഗരേഖകൾ പുതുക്കി കേന്ദ്രസർക്കാർ അംഗീകരിച്ചത്.