മെറ്റയിൽ ജോലി പോകുന്നവർക്ക് എന്തുകിട്ടും

ബിസിനസ് തീരുമാനങ്ങൾ തെറ്റിപ്പോയതിനാൽ കമ്പനിയുടെ വരുമാനം ഇടിഞ്ഞെന്നും ഉത്തരവാദിത്തം ഏൽക്കുന്നു എന്നും വിശദീകരിച്ചുകൊണ്ടാണ് സിഇഒ സക്കർബർഗ് ജീവനക്കാരെ തൊഴിൽരഹിതരാക്കിയത്. കോവിഡ് കാലത്ത് ലോകമാകെ ജനം ഓൺലൈൻ ആയപ്പോഴുണ്ടായ കുതിപ്പ് നിലനിർത്താൻ, കോവിഡിനുശേഷം ജനം സാധാരണനിലയിലേക്കു മടങ്ങിയതോടെ സമൂഹമാധ്യമങ്ങൾക്കു കഴിയാതായി.

ജോലി പോകുന്നവർക്ക് എന്തുകിട്ടും

ജോലി പോകുന്നവർക്ക് 16 ആഴ്ചയിലെ അടിസ്ഥാനശമ്പളം, ജോലി ചെയ്ത ഓരോ വർഷത്തിനും രണ്ടാഴ്ച എന്ന കണക്കിൽ വേതനം, ആറു മാസത്തേക്കുകൂടി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സച്ചെലവ്, മറ്റൊരു ജോലി കണ്ടെത്താൻ മൂന്നു മാസം വരെ സഹായം എന്നിവയാണ് പിരിച്ചുവിടൽ പാക്കേജായി പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ രാജ്യങ്ങളിലും സമാന പാക്കേജ് ആയിരിക്കും. അമേരിക്കയിൽ എച്ച്1–ബി പോലെയുള്ള വീസകളിലെത്തി മെറ്റയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ളവർക്ക് ഇമിഗ്രേഷൻ നടപടികൾ നേരിടാൻ പ്രത്യേക സഹായം നൽകുമെന്ന് സക്കർബർഗ് പറഞ്ഞു.

എച്ച്1–ബി വീസ ,3 വർഷത്തേക്കുകൂടി

പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകൾക്കായി വിദേശത്തുനിന്ന ആളുകളെ നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്ന വീസയാണ് എച്ച്1–ബി. മെറ്റയിൽ 15 ശതമാനത്തിലധികം പേർ ഈ വീസയിലെത്തി ജോലി ചെയ്യുന്നവരാണ്. 3 വർഷമാണ് എച്ച്1–ബി വീസക്കാർക്ക് അമേരിക്കയിൽ താമസിച്ച് ജോലി ചെയ്യാൻ അനുമതി ലഭിക്കുക. ഇത് 3 വർഷത്തേക്കുകൂടി നീട്ടാനാകും. ഈ വീസക്കാർക്ക് ജോലി നഷ്ടമായാൽ, മറ്റൊരു തൊഴിൽദാതാവിനെ കണ്ടെത്തി വീസ് സ്പോൺസർ ചെയ്യിക്കാൻ 60 ദിവസം വരെ അനുവദിക്കും. അതു നടന്നില്ലെങ്കിൽ രാജ്യം വിടണം.

ചെലവുകൾ വെട്ടിച്ചുരുക്കുമെന്നും നിയമന നിരോധം പുതിയ സാമ്പത്തിക വർഷം ആദ്യ മൂന്നു മാസം കൂടി തുടരുമെന്നും സക്കർബർഗ് പറഞ്ഞു. ആനുകൂല്യങ്ങൾ കുറയ്ക്കലും റിയൽ എസ്റ്റേറ്റ് ചെലവു കുറയ്ക്കലുമൊക്കെ നടപ്പാക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്രോഗ്രാമുകൾ, ദീർഘകാലപദ്ധതിയായ മെറ്റവേഴ്സ് തുടങ്ങിയ ഉയർന്ന മുൻഗണനയുള്ള കുറച്ചു പദ്ധതികളിലേക്കു മാത്രം ശ്രദ്ധവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *