ഇ–കൊമേഴ്സ് രംഗത്തെ വമ്പൻമാർക്കു ബദലായി കേന്ദ്രസർക്കാരിന്റെ ഒഎൻഡിസി  

ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിലേക്ക്  (ഒഎൻഡിസി) എല്ലാ വൻകിട ചെറുകിട കച്ചവടക്കാരെയും ക്ഷണിച്ച് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഇ–കൊമേഴ്സ് രംഗത്തെ വമ്പൻമാർക്കു ബദലായാണ് കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലുള്ള വികേന്ദ്രീകൃത ശൃംഖലയായ ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) അവതരിപ്പിച്ചത്. 
ആമസോൺ, ഫ്ലിപ്കാർട്ട് എന്നിങ്ങനെ ഓരോ സ്വകാര്യ പ്ലാറ്റ്ഫോമും കേന്ദ്രീകരിച്ചു നിൽക്കുന്ന നിലവിലെ ഇ–കൊമേഴ്സ് രംഗത്തെ  പൊതുശൃംഖലയുടെ ഭാഗമാക്കുകയാണ് ഒഎൻഡിസി ചെയ്യുന്നത്. 

ആമസോൺ പോലെ മറ്റൊരു പ്ലാറ്റ്ഫോം എന്നതിനു പകരം പേയ്മെന്റ് രംഗത്ത് യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) പോലൊരു സംവിധാനമാണ് ഒഎൻഡിസി കൊണ്ടുദ്ദേശിക്കുന്നത്. അതായത് ഗൂഗിൾ പേ, പേടിഎം, ഭീം, ഫോൺപേ എന്നിങ്ങനെ തരംതിരിവില്ലാതെ യുപിഐ വഴി പേയ്മെന്റ് നടത്തുന്നത്  പോലെ  ഉല്പന്നങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും ബന്ധിപ്പിക്കുകയാണ് ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം. വലിയ അവസരങ്ങൾ സൃഷ്ടിക്കാൻ കച്ചവടക്കാരെ സഹായിക്കുന്ന പ്ലാറ്റ്ഫോമാണിതെന്ന പ്രത്യേകത കൂടിയുണ്ട്. ചെറുകിട ചില്ലറ വ്യാപാരികൾക്ക് ഇ-കൊമേഴ്‌സ് മാധ്യമത്തിലൂടെ തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനും ഈ മേഖലയിലെ ഭീമൻമാരുടെ ആധിപത്യം കുറയ്ക്കാനുമാകും

ഒഎൻഡിസി സേവനം ഉപയോഗിക്കാൻ പ്രത്യേക ആപ്പുണ്ടാകില്ല എന്നാണ് സൂചന. വിവിധ ആപ്പുകളിൽ പകരം യുപിഐ സേവനം  ലഭ്യമെന്ന പോലെ പലതിലും ഒഎൻഡിസി ലഭ്യമാകും. വമ്പൻ പ്ലാറ്റ്ഫോമുകളിൽ  ചില സെല്ലർമാർ നേരിടുന്ന വിവേചനം ഒഎൻഡിസിയിലുണ്ടാകില്ലെന്നതും ശ്രദ്ധേയമാണ്. വ്യാപാര – വിപണന മേഖലയിലെ അടിസ്ഥാനവികസനം ഉൾപ്പെടെയുള്ളവയ്ക്കാണ് ഒഎൻഡിസി നേതൃത്വം നൽകുന്നത്. ഇ-കൊമേഴ്സ് വ്യാപാരത്തിന്റെ മറവിൽനടക്കുന്ന തട്ടിപ്പുകൾ തടയുക കൂടിയാണ് ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം

Leave a Reply

Your email address will not be published. Required fields are marked *