അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും ഉൾപ്പെടെ കൃഷി നശിച്ചവർക്കു സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരവും പ്രകൃതിദുരന്തത്തിൽ കൃഷി നശിച്ചവർക്കുള്ള നഷ്ടപരിഹാരവും കൂടി കുടിശിക 70.59 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മാത്രം കുടിശികയാണിത്.
പ്രകൃതി ദുരന്തത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്കു നൽകാനുള്ളത് 44.56 കോടി രൂപയാണ്. ഇതിൽ സംസ്ഥാന സർക്കാർ നൽകാനുള്ളത് 34.56 കോടിയും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നു നൽകാനുള്ളത് 10 കോടിയുമാണ്. ദുരന്ത നിവാരണ ഫണ്ടിലേക്ക് 6.8 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ആർക്കും തുക കൈമാറിയിട്ടില്ല. കഴിഞ്ഞ മാസം അവസാനമാണു തുക അനുവദിച്ചത്. 6,045 കർഷകർക്കു മാത്രമാണു സംസ്ഥാന ഫണ്ടിൽ നിന്നു നഷ്ടപരിഹാരം നൽകിയത്
വിള ഇൻഷുറൻസ് പദ്ധതി പ്രകാരം നഷ്ടപരിഹാരം ഇനത്തിൽ 25.93 കോടി രൂപയാണു വിതരണം ചെയ്യാനുള്ളത്. ഒരു ലക്ഷത്തോളം കർഷകർക്കുള്ള കുടിശികയാണിത്. ആകെ 20,803 കർഷകർക്കു മാത്രമാണു വിള ഇൻഷുറൻസ് വിതരണം ചെയ്തിട്ടുള്ളത്. മുൻ വർഷങ്ങളിലും കോടികളുടെ കുടിശിക വന്നിട്ടുണ്ട്. നഷ്ടപരിഹാരം യഥാസമയം ലഭ്യമാകാതെ പലരും കൃഷി ഉപേക്ഷിച്ചു. ആലപ്പുഴ, പാലക്കാട് ജില്ലകളിലാണു കൂടുതൽ കുടിശികയുള്ളത്.
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിക്കായി ബജറ്റിൽ 30 കോടി രൂപ നീക്കിവച്ചിരുന്നെങ്കിലും ഈ തുക ഉപയോഗിച്ചാണ് മുൻ വർഷങ്ങളിലെ കുടിശികത്തുക കർഷകർക്കു നൽകിയത്.