യൂറോപ്യൻ കമ്പനിക്കു വേണ്ടി കമ്മിഷനിങ് സർവീസ് ഓപ്പറേഷൻ വെസൽസ് (സിഎസ്ഒവി) നിർമിക്കുന്നതിനായി കൊച്ചി ഷിപ്യാഡിന് 1000 കോടി രൂപയുടെ കരാർ. കടലിലെ വിൻഡ് ഫാമുകൾക്കു വേണ്ടിയാണു കമ്മിഷനിങ് സർവീസ് ഓപ്പറേഷൻ വെസൽ ഉപയോഗിക്കുന്നത്. എന്നാൽ, ഏതു കമ്പനിക്കു വേണ്ടിയാണു കപ്പൽ നിർമിക്കുന്നതെന്നും എത്ര കപ്പലുകളാണു നിർമിക്കുന്നതെന്നും വെളിപ്പെടുത്തിയിട്ടില്ല.
ആഗോളതലത്തിൽ ഹരിത ഊർജത്തിലേക്കുള്ള ചുവടു മാറ്റത്തിന്റെ ഭാഗമായാണു കാറ്റിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന വിൻഡ് ഫാമുകൾ കടലിൽ സ്ഥാപിക്കുന്നത്. കമ്മിഷനിങ് സർവീസ് ഓപ്പറേഷൻ വെസൽ, സർവീസ് ഓപ്പറേഷൻ വെസൽ തുടങ്ങിയ പ്രത്യേക ഉപയോഗ യാനങ്ങൾ നിർമിക്കുന്നതു വിൻഡ് ഫാമുകളിലെ ആവശ്യങ്ങൾ നിർവഹിക്കുന്നതിനാണ്.