എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഇനി ഗ്രേസ് മാർക്കിന്റെ സഹായത്തോടെ എപ്ലസ് ഗ്രേഡ് (90% മാർക്ക്) കിട്ടില്ല. പരീക്ഷയിൽ 90 ശതമാനമോ അതിലേറെയോ മാർക്ക് ലഭിക്കുന്നവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കില്ലെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി.
പരമാവധി ഗ്രേസ് മാർക്ക് 30 ആക്കി. കുറഞ്ഞതു 3 മാർക്ക്. സ്കൂൾ മേളകളിലെ വിജയമടക്കമുള്ള പാഠ്യേതര മികവിനും വിവിധ സേവനങ്ങൾക്കുമുള്ള ഗ്രേസ് മാർക്ക് 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു പുനഃസ്ഥാപിക്കുന്നത്. സ്കൂളുകൾ അടഞ്ഞുകിടന്ന കോവിഡ് കാലത്ത് ഇതു മുടങ്ങിപ്പോയിരുന്നു.
എസ്എസ്എൽസി പരീക്ഷാഫലം മേയ് 20നും പ്ലസ്ടു ഫലം 25ന് അകവും പ്രസിദ്ധീകരിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കൻഡറി ബാച്ചുകൾ പുനഃക്രമീകരിക്കുന്നതു സംബന്ധിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണനയിലാണെന്നും അറിയിച്ചു.