സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം ആയുർവേദ റിസോർട്ട് നടത്തിപ്പ് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനു കൈമാറി.
രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ജൂപിറ്റർ ക്യാപ്പിറ്റലിനു കീഴിലെ നിരാമയ റിട്രീറ്റാണ് വൈദേകത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇരുകൂട്ടരും കഴിഞ്ഞ ദിവസം കരാറിൽ ഒപ്പിട്ടുവെന്നാണു വിവരം.
ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനത്തെയായിരുന്നു നേരത്തേ വൈദേകത്തിന്റെ നടത്തിപ്പ് ഏൽപിച്ചിരുന്നത്. ഈ സ്ഥാപനത്തെ പങ്കാളിയാക്കിയതിനു പിന്നിൽ വൈദേകത്തിന്റെ ഡയറക്ടർമാരിൽ ഒരാൾ കള്ളക്കളി നടത്തിയെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ഇവരുമായുള്ള കരാർ റദ്ദാക്കിയിരുന്നു. തുടർന്നാണു പുതിയ തീരുമാനം. വൈദേകത്തിൽ മെച്ചപ്പെട്ട ചികിത്സ നൽകുന്നതിനുള്ള പങ്കാളിത്തമാണു തേടിയിരിക്കുന്നതെന്നാണു വിശദീകരണം
ഇ.പിയുടെ കുടുംബം റിസോർട്ട് നടത്തുന്നത് വൻവിവാദമായിരുന്നു. ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയ്ക്കും മകൻ ജയ്സണും ഓഹരി പങ്കാളിത്തമുള്ള കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആന്തൂർ നഗരസഭയിലെ മൊറാഴയിൽ 11 ഏക്കറിൽ റിസോർട്ട് പണിതത്.