2030ഓടെ 50-1000 ഫിസിക്കൽ ക്യുബിറ്റുള്ള ഇന്റർമീഡിയറ്റ് സ്കെയിൽ ക്വാണ്ടം കംപ്യൂട്ടറുകൾ വികസിപ്പിക്കുന്നതു ലക്ഷ്യമിട്ട് ദേശീയ ക്വാണ്ടം മിഷന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. 6003.65 കോടിരൂപ ചെലവിലാണു ദൗത്യം മുന്നോട്ടു കൊണ്ടുപോവുകയെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂറും ജിതേന്ദ്ര സിങ്ങും പറഞ്ഞു. ശാസ്ത്രീയവും വ്യാവസായികവുമായ ഗവേഷണ-വികസന പ്രോത്സാഹനമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
മൂന്നു വർഷത്തിനുള്ളിൽ 50–500 ഫിസിക്കൽ ക്യുബിറ്റുള്ള കംപ്യൂട്ടറുകൾ ഇന്ത്യ വികസിപ്പിക്കും. ഇക്കാര്യത്തിൽ ഗവേഷണത്തിൽ മുൻപിലുള്ള യുഎസ്, ഫിൻലൻഡ്, ഓസ്ട്രിയ, ചൈന, കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങളെക്കാൾ ഇന്ത്യ മുൻപിലാണെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. അതീവ സുരക്ഷിതമായ ഡേറ്റാ കൈമാറ്റത്തിന് ഇത് വഴിയൊരുക്കും. ക്വാണ്ടം കംപ്യൂട്ടിങ്, ക്വാണ്ടം ആശയവിനിമയം, ക്വാണ്ടം സെൻസിങ്ങും മെട്രോളജിയും, ക്വാണ്ടം മെറ്റീരിയലുകളും ഉപകരണങ്ങളും എന്നീ മേഖലകളിൽ മികച്ച അക്കാദമിക, ദേശീയ ഗവേഷണ-വികസന സ്ഥാപനങ്ങളിൽ നാലു വിഷയാധിഷ്ഠിത കേന്ദ്രങ്ങൾ (ടി-ഹബ്ബുകൾ) സ്ഥാപിക്കും.
ഇന്ത്യയ്ക്കുള്ളിൽ 2000 കിലോമീറ്റർ പരിധിയിലുള്ള ഗ്രൗണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള സുരക്ഷിത ഉപഗ്രഹാധിഷ്ഠിത ക്വാണ്ടം ആശയവിനിമയം, മറ്റു രാജ്യങ്ങളുമായുള്ള സുരക്ഷിത ദീർഘദൂര ക്വാണ്ടം ആശയവിനിമയം, 2000 കിലോമീറ്ററിലധികമുള്ള ഇന്റർസിറ്റി ക്വാണ്ടം കീ വിതരണം, ക്വാണ്ടം മെമ്മറികളുള്ള മൾട്ടി-നോഡ് ക്വാണ്ടം ശൃംഖല എന്നിവയും ദൗത്യത്തിന്റെ പ്രത്യേകതയാണ്.
ആണവ സംവിധാനങ്ങളിൽ ഉയർന്ന സംവേദന ക്ഷമതയുള്ള മാഗ്നെറ്റോ മീറ്ററുകളും കൃത്യമായ സമയം, ആശയവിനിമയം, ഗതി നിയന്ത്രണം എന്നിവയ്ക്കായി ആറ്റമിക് ക്ലോക്കുകളും വികസിപ്പിക്കാൻ ദൗത്യം സഹായിക്കും. ആശയവിനിമയം, ആരോഗ്യം, സാമ്പത്തികം, ഊർജം എന്നീ മേഖലകൾക്കും മരുന്നു നിർമാണത്തിനും ബഹിരാകാശ ആപ്ലിക്കേഷനുകൾക്കും ഈ ദൗത്യം ഏറെ പ്രയോജനം ചെയ്യും. ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ, സ്കിൽ ഇന്ത്യ, സ്റ്റാൻഡ് അപ് ഇന്ത്യ, സ്റ്റാർട്ടപ് ഇന്ത്യ, ആത്മനിർഭര ഇന്ത്യ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ തുടങ്ങിയവയ്ക്കും ഇതു പ്രയോജനകരമാകുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.