ഈ വർഷം മുതൽ ഓപ്ഷൻ ഫോം സമർപ്പികുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

2021–22 സാമ്പത്തിക വർഷം മുതൽ വ്യക്തികൾക്ക് ആദായ നികുതി അടയ്ക്കാൻ രണ്ട് സമ്പ്രദായങ്ങളുണ്ട്– പഴയ സ്കീമും പുതിയ സ്കീമും. പഴയ സ്കീമിൽ ആദായ നികുതി നിയമപ്രകാരം അനുവദനീയമായ കിഴിവുകൾക്ക് ശേഷമുള്ള വരുമാനത്തിൻമേലാണ് നികുതി കണക്കാക്കുക. 115 ബിഎസി വകുപ്പ് പ്രകാരമുള്ള പുതിയ സ്കീമിലാകട്ടെ കിഴിവുകൾ ലഭിക്കില്ല. പക്ഷേ, സ്ലാബ് നിരക്കുകൾ പഴയ സ്കീമിനേക്കാൾ കുറവാണ്. അതായത് ശമ്പളത്തിൽ നിന്ന് 50000 രൂപ സ്റ്റാൻഡേഡ് ഡിഡക്ഷൻ, ഭവന വായ്പ പലിശയ്ക്കുള്ള കിഴിവ്, ലൈഫ് ഇൻഷുറൻസ്, പ്രോവിഡന്റ് ഫണ്ട് മുതലായവയ്ക്ക് 80സി കിഴിവ് എന്നിവ ലഭിക്കില്ല. 

ബിസിനസ് നഷ്ടം കിഴിക്കാനാവില്ല. രണ്ടു സമ്പ്രദായങ്ങൾ പ്രകാരമുള്ള നികുതി ബാധ്യത വിലയിരുത്തി മെച്ചമുള്ള സ്കീം തിരഞ്ഞെടുക്കാം. പക്ഷേ, പുതിയ സ്കീം തിര​ഞ്ഞെടുക്കുന്നതിന് റിട്ടേൺ സമർപ്പിക്കാൻ 139(1) പ്രകാരമുള്ള തീയതിക്ക് മുൻപ്(ജൂലൈ 31) ഇതിനായുള്ള ഓപ്ഷൻ ഫോം (ഫോം 10 1ഇ) ആദായ നികുതി വെബ് പോർട്ടലിൽ ഫയൽ ചെയ്യണം എന്ന നിബന്ധനയുണ്ട്. കണക്കുകൾ ഓഡിറ്റ് ചെയ്യാൻ ബാധ്യസ്ഥരായവർക്ക് ഒക്ടോബർ 31 വരെ സമയമുണ്ട്. എന്നാൽ ഈ തീയതികൾക്കു ശേഷം പുതിയ സ്കീം തിരഞ്ഞെടുക്കാൻ പറ്റില്ല. ഒരിക്കൽ പുതിയ സ്കീം തിരഞ്ഞെടുത്താൻ പിൻവലിക്കാനും സാധ്യമല്ല. 2023 ഡിസംബർ 31 വരെ റിട്ടേൺ സമർപ്പിക്കാവുന്നതാണ്(ബാക്കിയുള്ള നികുതിക്ക് പലിശ നൽകണം).

ശമ്പള വരുമാനക്കാരുടെ കാര്യത്തിൽ ഫെബ്രുവരി–മാർച്ചിൽ തന്നെ ജീവനക്കാർ ഏത് സ്കീം തിരഞ്ഞെടുക്കുന്നു എന്ന് തൊഴിൽദാതാവിനെ അറിയിക്കുകയും അതിൻപ്രകാരം ടിഡിഎസ് പിടിക്കുകയും ചെയ്യുമെങ്കിലും റിട്ടേൺ സമർപ്പിക്കുന്ന സമയത്ത് (ജുലൈ 31) മാത്രമാണ് ഓപ്ഷൻ നൽകൽ പ്രക്രിയ നടക്കുന്നത്. റിട്ടേൺ സമർപ്പിക്കുന്ന സമയത്ത് ഏത് സ്കീമാണ് മെച്ചമെന്ന് വിശദമായി പരിശോധിച്ച് പുതിയ സ്കീം തിരഞ്ഞെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം. അധികമായി ടിഡിഎസ് പിടിച്ചിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ അധികം അ‍ഡ്വാൻസ് ടാക്സ് അടച്ചിട്ടുണ്ടെങ്കിൽ റീഫണ്ട് ലഭിക്കും.

2023–2024 സാമ്പത്തിക വർഷം മുതൽ പുതിയ സ്കീമിലുള്ള സ്ലാബ് നിരക്കുകൾ വീണ്ടും കുറച്ചിട്ടുണ്ട് എന്ന് മാത്രമല്ല പുതിയ സ്കീം ഡിഫോൾട്ട് സ്കീമാണ്. അതായത് പഴയ സ്കീമിൽ നികുതി അടയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് ഓപ്ഷൻ ഫോം ഫയൽ ചെയ്യേണ്ടത്. ഫോം ഫയൽ ചെയ്തില്ലെങ്കിൽ പുതിയ സ്കീം ബാധകമാവും.

Leave a Reply

Your email address will not be published. Required fields are marked *