ഇതര സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസുകൾ കേരളത്തിൽ നികുതി അടയ്ക്കണമെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇതു സംബന്ധിച്ച ഗതാഗത കമ്മിഷണറുടെ ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാനാന്തര സർവീസ് നടത്തുന്ന ബസുകളുടെ ഉടമകൾ നൽകിയ ഹർജിയിലെ സ്റ്റേ ആവശ്യമാണു ജസ്റ്റിസ് പി. ഗോപിനാഥ് അനുവദിക്കാതിരുന്നത്.
കേന്ദ്രസർക്കാർ നിയമപ്രകാരം പെർമിറ്റ് ഫീ അടച്ച ടൂറിസ്റ്റ് ബസുകൾക്ക് നികുതി ഈടാക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമം തടയണം എന്നായിരുന്നു ഹർജിയിലെ ആവശ്യം.എന്നാൽ കേന്ദ്ര നിയമത്തിന്റെ അഭാവത്തിൽ, ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകളിൽ നിന്ന് സംസ്ഥാനത്തിന് നികുതി പിരിക്കുന്നതിന് തടസ്സമില്ലെന്ന് കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് നിയമപരമായ അധികാരമുണ്ടെന്നും പറഞ്ഞു.
നവംബർ ഒന്നിനകം കേരളത്തിലേക്ക് റജിസ്ട്രേഷൻ മാറ്റിയില്ലെങ്കിൽ കേരള മോട്ടർ വാഹന ടാക്സേഷൻ നിയമ പ്രകാരം നികുതി ഈടാക്കും എന്നായിരുന്നു നിർദേശം. കേരളത്തിൽ റജിസ്റ്റർ ചെയ്യേണ്ട വാഹനങ്ങൾ 2021ലെ ഓൾ ഇന്ത്യ പെർമിറ്റ് ആൻഡ് ഓതറൈസേഷൻ ചട്ടങ്ങൾ പ്രകാരം നാഗാലാൻഡ്, ഒഡീഷ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ റജിസ്റ്റർ ചെയ്ത് സർവീസ് നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നായിരുന്നു ഇത്.