അങ്കമാലി – എരുമേലി ശബരി പാതയുടെ എസ്റ്റിമേറ്റ് കെ റെയിൽ വീണ്ടും പരിഷ്കരിച്ചു. 10 ശതമാനത്തിനു മുകളിലുണ്ടായിരുന്ന എസ്റ്റാബ്ലിഷ്മെന്റ് ചാർജ് റെയിൽവേ 5 ശതമാനമായി കുറച്ചതോടെ 212 കോടി രൂപയുടെ കുറവ് എസ്റ്റിമേറ്റിൽ വന്നിട്ടുണ്ട്. മുൻപു 3727 കോടി രൂപയായിരുന്നു പദ്ധതി ചെലവ് കണക്കാക്കിയിരുന്നത്. ഇപ്പോൾ 3515 കോടിയായി. പുതുക്കിയ എസ്റ്റിമേറ്റ് ഇന്നു റെയിൽവേ ബോർഡിനു കൈമാറും.
അങ്കമാലി–എരുമേലി ശബരി പാത പത്തനംതിട്ട, പുനലൂർ, നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്കു നീട്ടാൻ വൈകാതെ പുതിയ സർവേയ്ക്കുള്ള അനുമതിയും പ്രതീക്ഷിക്കുന്നുണ്ട്. ഡിസൈൻ സ്പീഡ് 160 ആയി നിശ്ചയിച്ചിട്ടുള്ള ശബരി പാത തിരുവനന്തപുരത്തേക്കു നീട്ടിയാൽ വേഗപാതയെന്ന കേരളത്തിന്റെ ആവശ്യവും നടപ്പാകും. പ്രധാനമന്ത്രി 25ന് തിരുവനന്തപുരത്ത് എത്തുമ്പോൾ ശബരി പാത സംബന്ധിച്ചു പ്രഖ്യാപനം ഉണ്ടാകുമോയെന്നാണു വിവിധ ജില്ലകളിലുള്ള ശബരി റെയിൽവേ ആക്‌ഷൻ കൗൺസിലുകൾ ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രിക്കു നിവേദനം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.