കയ്യിൽ കൊണ്ടുനടക്കുന്ന ക്രെഡിറ്റ് കാർഡിനു പകരം യുപിഐ വഴി വായ്പ സേവനം ലഭ്യമാകാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. നിലവിൽ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന സേവനം കാർഡ് ഇല്ലാതെ നമ്മുടെ യുപിഐ ഐഡിയിലൂടെ ലഭ്യമാക്കുന്ന ക്രമീകരണം ഉടൻ യാഥാർഥ്യമാകും. നിലവിൽ ബാങ്ക് അക്കൗണ്ടുമായോ റുപേ ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിച്ചോ ആണ് യുപിഐ ഇടപാടുകൾ.
ക്രെഡിറ്റ് കാർഡുകളുമായി ബന്ധിപ്പിക്കുന്നതിനു പകരം ഭാവിയിൽ യുപിഐ തന്നെ ഒരു വെർച്വൽ ക്രെഡിറ്റ് കാർഡായി പ്രവർത്തിക്കും. കാർഡ് ഉപയോഗിക്കുന്നതിനു പകരം ക്രെഡിറ്റ് തുക യുപിഐ വഴി വിനിമയം ചെയ്യാം. ഒട്ടേറെ കാർഡ് കൊണ്ടുനടക്കുന്നത് ഒഴിവാക്കാം. ധനകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ച് കാർഡുമായി ബന്ധപ്പെട്ട സാങ്കേതികസംവിധാനങ്ങൾ പരിപാലിക്കുന്നതിനുള്ള ചെലവും കുറയും.
കാർഡ് ഇഷ്യു ചെയ്യുന്ന വീസ, മാസ്റ്റർകാർഡ് തുടങ്ങിയ കമ്പനികളിന്മേലുള്ള ആശ്രയത്വം കുറയ്ക്കുമെന്നാണ് വിലയിരുത്തൽ. ഇടനില കമ്പനികളില്ലാതെ ധനകാര്യ സ്ഥാപനങ്ങൾക്ക് ക്രെഡിറ്റ് സേവനങ്ങൾ നൽകാം.യുപിഐ കൂടുതൽ ജനകീയമായതിനാൽ കൂടുതൽ ആളുകൾക്ക് ക്രെഡിറ്റ് ലൈൻ നൽകാനും ഇതുവഴി കഴിയും.