കാമ്പയെ ഏറ്റെടുത്ത റിലയൻസ് ശീതള പാനീയ വിപണി കീഴടക്കാൻ ഒരുങ്ങുന്നു

ഇന്ത്യൻ വ്യാവസായിക ഭീമനായ റിലയൻസ് ശീതള പാനീയ വിപണി കീഴടക്കാൻ ഒരുങ്ങുന്നു. ദില്ലി ആസ്ഥാനമായുള്ള പ്യുവർ ഡ്രിങ്ക്‌സ് ഗ്രൂപ്പിൽ നിന്ന് ശീതളപാനീയ ബ്രാൻഡായ കാമ്പയെ ഏറ്റെടുത്ത റിലയൻസ്, ഗുജറാത്ത് ആസ്ഥാനമായിട്ടുള്ള സോസ്യോ ഹജൂരി ബിവറേജസിന്റെ 50 ശതമാനം ഓഹരിയും സ്വന്തമാക്കിയിട്ടുണ്ട്. കാമ്പ കോള, കാമ്പ ലെമൺ, കാമ്പ ഓറഞ്ച് എന്നിവ ഫ്ലേവറുകളിലാണ് ഇവ വിപണിയിൽ എത്തുക. 

യുഎസ് പാനീയ ഭീമന്മാരായ പെപ്‌സികോയെയും കൊക്കകോളയെയും വെല്ലുവിളിച്ചുകൊണ്ട് കാമ്പ കോള എന്ന ഐക്കോണിക് ബ്രാൻഡിനെ വിപണിയിലേക്ക് കൊണ്ടുവരികയാണ് റിലയൻസ്. വിപണി പിടിക്കാൻ ടെലികോം മേഖലയിലെ മുന്നേറ്റത്തിന് തിരഞ്ഞെടുത്ത അതേ മാർഗമാണ് റിലയൻസ് ഇത്തവണയും സ്വീകരിക്കുന്നത്. അതായത് വില കുറയ്ക്കൽ

ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന പഞ്ചസാര സോഡകൾ പിന്നീട് യുഎസ് ഭീമന്മാർ വിപണി പിടിച്ചതോടെ അപ്രത്യക്ഷമാകുകയായിരുന്നു. കൊക്കകോളയെയും പെപ്‌സിയെയും  ഗൃഹാതുരത്വമുണർത്തുന്ന ഒരു പ്രാദേശിക ബ്രാൻഡ് ഉപയോഗിച്ച് വെല്ലുവിളിക്കാനുള്ള സാമ്പത്തിക ശക്തിയും റിലയൻസിനുണ്ട് എന്നാണ് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. 

പെപ്‌സിയും കൊക്കകോളയും അടക്കി വാഴുന്ന വിപണിയിൽ വില കുറച്ചാകും നവീകരിച്ച കാമ്പ പാനീയങ്ങൾ മുകേഷ് അംബാനി വിപണിയിൽ എത്തിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ . കാമ്പ നിർമ്മിക്കുന്നതിനായി സ്വന്തമായി അല്ലെങ്കിൽ സംയുക്ത സംരംഭങ്ങളായോ ചില ഫാക്ടറികൾ തുറക്കാനും സാധ്യതയുണ്ട്.  

Leave a Reply

Your email address will not be published. Required fields are marked *