300  ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് ഉടൻ പെര്‍മിറ്റ് ലഭ്യമാക്കും; മന്ത്രി എംബി രാജേഷ്

സംസ്ഥാനത്തെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ചെറുകിട നിര്‍മ്മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടൻ തന്നെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമാക്കുമെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു. വീട് ഉൾപ്പെടെ 300  ചതുരശ്ര മീറ്റർ വരെയുള്ള ചെറുകിട കെട്ടിടനിർമാണങ്ങൾക്കാണ് ഈ സൗകര്യം. സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി നല്‍കുന്നത്. പല തലങ്ങളിലുള്ള പരിശോധനയും കാലതാമസവും  തടസങ്ങളും ഇതുമൂലം ഒഴിവാക്കാൻ കഴിയും.  അഴിമതിയും ഇല്ലാതാക്കാമെന്നും മന്ത്രി പറഞ്ഞു.കെട്ടിട ഉടമസ്ഥരുടെയും, കെട്ടിട പ്ലാൻ തയാറാക്കുകയും സുപ്പർവൈസ് ചെയ്യുകയും ചെയ്യുന്ന  ലൈസൻസി/ എംപാനൽഡ് എഞ്ചിനീയർമാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷ നൽകുന്ന ദിവസം തന്നെ  സിസ്റ്റം ജനറേറ്റഡ് പെർമിറ്റ്  ലഭിക്കും.

തീരദേശ പരിപാലനനിയമം, തണ്ണീർത്തട സംരക്ഷണ നിയമം തുടങ്ങിയവ  ബാധകമായ  മേഖലകളിലല്ല  കെട്ടിടനിർമാണമെന്നും കെട്ടിട നിർമാണ ചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്നുമുള്ള  സത്യവാങ്‌മൂലം അപേക്ഷയിൽ നൽകണം. അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ പൂർണവും യാഥാർത്ഥവുമാണെങ്കിൽ മാത്രമേ പെർമിറ്റ് ലഭിക്കുകയുള്ളൂ. യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചാണ് പെർമിറ്റ് നേടിയതെന്ന് തെളിഞ്ഞാൽ  പിഴ, നിയമവിരുദ്ധമായി നിർമിച്ച കെട്ടിടം ഉടമ സ്വന്തം ചെലവിൽ പൊളിച്ചുനീക്കൽ, എംപാനൽഡ്  ഏജൻസികളുടെ ലൈസൻസ് റദ്ദാക്കൽ എന്നീ നടപടികൾ ഉണ്ടാകും. നഗരസഭകളിൽ നടപ്പാക്കിയതിന്റെ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തിൽ അടുത്ത ഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും.

ഏപ്രിൽ ഒന്നുമുതൽ കെട്ടിടങ്ങളുടെ നിലവിലുള്ള വസ്തുനികുതി 5% വര്‍ധിപ്പിക്കാനുള്ള നിയമഭേദഗതി ഇതിനകം നിയമസഭ പാസാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമായിരിക്കും. ഇതോടൊപ്പം അര്‍ഹതപ്പെട്ടവര്‍ക്ക് ഇളവുകളും നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ 30 ചതുരശ്ര മീറ്റര്‍ വരെ ബിപിഎൽ വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു നികുതിയിളവ്. ഇനി സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റര്‍ വരെയുള്ള  കെട്ടിടങ്ങള്‍ക്ക് വസ്തുനികുതി അടയ്ക്കേണ്ടതില്ല. ഈ ഇളവ് ഫ്ലാറ്റുകള്‍ക്ക് ബാധകമല്ല.

കേരളത്തിലെ നഗരങ്ങളിലും പ്രാന്ത പ്രദേശങ്ങളിലും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ക്രമവത്കരിക്കുന്നതിന് 2018ല്‍ ചട്ടം പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത ചട്ടപ്രകാരം 2017 ജുലൈ 31ന് മുൻപ് നിര്‍മ്മാണം ആരംഭിച്ച കെട്ടിടങ്ങളാണ് ക്രമവത്കരിക്കാൻ സാധിക്കുന്നത്. ഇതുപ്രകാരം ക്രമവത്കരണ അപേക്ഷ നല്‍കാനുള്ള കാലപരിധി അവസാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കുന്നതിനുള്ള പുതിയ വ്യവസ്ഥകളടങ്ങിയ ചട്ടം പുറപ്പെടുവിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *