രാജ്യത്ത് ആദ്യമായി സ്റ്റീൽ സ്ലാഗ് ഉപയോഗിച്ചു കോൺക്രീറ്റ് നിർമിക്കാൻ ദേശീയപാത അതോറിറ്റി

രാജ്യത്ത് ആദ്യമായി സ്റ്റീൽ സ്ലാഗ് (സ്റ്റീൽ നിർമാണത്തിലെ മാലിന്യം) ഉപയോഗിച്ചു പേവ്മെന്റ് ക്വാളിറ്റി കോൺക്രീറ്റ് നിർമിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനം.

ദേശീയപാത 66ൽ മുംബൈക്കു സമീപം ഒരു കിലോമീറ്റർ സ്റ്റീൽ സ്ലാഗ് ഉപയോഗിച്ച് സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ഭാഗം ഉന്നത നിലവാരം പുലർത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണു കൂടുതൽ ഇടങ്ങളിൽ ഉപയോഗിക്കാൻ തീരുമാനം.ചെമ്മണ്ണ്, മെറ്റൽ, പാറമണൽ തുടങ്ങി പ്രകൃതി വിഭവങ്ങൾ പൂർണമായും ഒഴിവാക്കി പകരം സ്റ്റീൽ നിർമാണത്തിലെ മാലിന്യം ഉപയോഗിക്കും. റോഡ് നിർമാണത്തിനായി മുൻപുള്ള റോഡ് പൊളിച്ചു മാറ്റുമ്പോൾ അതിന്റെ താഴേത്തട്ടിൽ ഉപയോഗിച്ച ഗ്രാനുലാർ സബ് ബേസസ് , വെറ്റ് മിക്സ് മെക്കാഡം തുടങ്ങിയവ കൃത്യമായി വേർതിരിച്ചെടുത്താൽ പുനരുപയോഗിക്കാമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ഉത്തരവിറക്കി.അടിത്തട്ടിലെ മണ്ണുമായി കലരാതെ വേണം ഇവ വേർതിരിച്ചെടുക്കാൻ. നിശ്ചിത നിലവാരമുണ്ടെന്നു പരിശോധിച്ച് ഉറപ്പാക്കുകയും വേണം. പുനരുപയോഗിക്കാൻ കഴിയാത്ത ഭാഗം താൽക്കാലിക റോഡുകൾ നിർമിക്കാനും പാതയുടെ വശങ്ങൾ ഉയർത്താനും മറ്റും ഉപയോഗിക്കാം.

പുതിയ പദ്ധതികൾക്കു ഡിപിആർ തയാറാക്കുമ്പോൾ, നിലവിലെ റോഡിൽ നിന്നു പുനരുപയോഗിക്കാൻ കഴിയുന്നവ കൂടി കണക്കിലെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *