സെക്രട്ടറിയേറ്റിൽ ആക്സസ് കണ്‍ട്രോള്‍ സംവിധാനത്തെ പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ ശക്തമായി എതിർക്കാൻ സർവീസ് സംഘടനകള്‍. ജീവനക്കാരെ മുറിയിൽ അടച്ചിടാനുളള ഐഎഎസ് ലോബിയുടെ നീക്കമാണ് നടക്കുന്നതെന്ന് ഭരണാനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ വിമർശിച്ചു. രണ്ടുമാസത്തെ പരീക്ഷണകാലത്ത് പരാതികൾ തീർപ്പാക്കുമെന്നാണ് സർക്കാർ നിലപാട്.
സെക്രട്ടറിയേറ്റിന്‍റെ സുരക്ഷയും ജീവനക്കാരുടെ കാര്യക്ഷമതയും വർധിപ്പിക്കുന്നതിനാണ് ആക്സസ് കണ്‍ട്രോള്‍ സംവിധാനം കൊണ്ടുവരുന്നത്. 2019 ഏപ്രിൽ ഒന്നു മുതലാണ് ബയോമെട്രിക് പഞ്ചിംഗിനെ സ്പാർക്കുമായി ബന്ധിപ്പിച്ചത്. പഞ്ചിംഗ് കർശനമാക്കിയപ്പോള്‍ ജീവനക്കാർക്ക് 300 മിനിറ്റ് ഗ്രേയ്സ് ടൈം നൽകിയിരുന്നു. പഞ്ച് ചെയ്ത് സെക്രട്ടറിയേററിൽ കയറിയാലും ജീവനക്കാരെ ഇരിപ്പിടത്തിൽ കാണുന്നില്ലെന്ന വിലയിരുത്തലിലാണ് ഒരു ഓഫീസിൽ നിന്നും മറ്റൊരു ഓഫീസിലേക്ക് പോകാൻ നിയന്ത്രണം കൊണ്ടുവരുന്നത്.
സെക്രട്ടറിയേറ്റിലെ പ്രധാന ക്യാമ്പസിൽ നിന്നും അടുത്തുള്ള അനക്സ് കെട്ടിടത്തിലേക്ക് പോകാൻ അനുവദിച്ചിട്ടുള്ളത് 10 മിനിറ്റ്. ഒരു ദിവസം മൂന്നു പ്രാവശ്യം പുറത്തുപോകാം. ഒരു ദിവസം 2.15 മണിക്കൂർ സെക്രട്ടറിയേറ്റിന് പുറത്തുപോയാൽ അരദിവസം അവധിയാകും. നാലു മണിക്കൂർ പുറത്തുപോയാൽ ഒരു ദിവസത്തെ അവധിയാകും. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്ക് ഫയൽ ചർച്ചക്കു വേണ്ടിയും സെക്രട്ടറിതല യോഗത്തിനുവേണ്ടിയും ഒരു ഓഫീസിൽ നിന്നും മറ്റൊരു ഓഫീസിലേക്ക് നിരന്തരം പോകേണ്ടിവരുന്നതിനാൽ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നാണ് ജീവനക്കാരുടെ ആരോപണം.സന്ദർശകർക്കും നിയന്ത്രണമുണ്ട്. സന്ദർശകർക്ക് ആക്സസ് കണ്‍ട്രോള്‍ കാർഡോട് കൂടി മാത്രമേ ഇനി അകത്തേക്ക് കയറാൻ സാധിക്കുകയുളളൂ.
ജീവനക്കാർ ശക്തമായി എതിർക്കുകയാണെങ്കിലും തീരുമാനമായി മുന്നോട്ടുപോകാനാണ് തീരുമാനം. പുതിയ സംവിധാനം പിൻവലിച്ചില്ലെങ്കിൽ സമരം നടത്താനാണ് എല്ലാ സംഘടനകളുടേയും തീരുമാനം, അതേ സമയം രണ്ടുമാസം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുമ്പോള്‍ ഉയരുന്ന അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് മാറ്റങ്ങളുണ്ടാകുമെന്ന് പൊതു ഭരണവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്