വരുന്ന 20 വർഷത്തിനുള്ളിൽ ദക്ഷിണേഷ്യൻ മേഖല ആഗോളതലത്തിൽ അതിവേഗം വളരുന്ന വ്യോമയാന വിപണിയായി മാറുവെന്നും വലിയ വിമാന വാങ്ങലുകൾ നടക്കുന്നതിനൊപ്പം തന്നെ വലിയ തോതിൽ മെക്കാനിക്കുകളെയും പൈലറ്റുമാരെയും ആവശ്യമായി വരുമെന്നും ബോയിംഗ് ഇന്ത്യ പ്രസിഡൻറ് സലിൽ ഗുപ്തെ പറഞ്ഞു.
അടുത്ത 20 വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് വേണ്ടി വരിക 31,000 പൈലറ്റുമാരെയും 26,000 മെക്കാനിക്കുകളെയുമെന്ന് യുഎസ് വിമാന നിർമ്മാതാക്കളായ ബോയിംഗ് പറഞ്ഞു. ഇന്ത്യയുടെ വ്യോമഗതാഗത വളർച്ച കണക്കിലെടുക്കുമ്പോൾ, എയർപോർട്ടുകൾ ഉൾപ്പെടുന്ന ഹാർഡ് ഇൻഫ്രാസ്ട്രക്ചറും പൈലറ്റുമാർ ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങൾ ശക്തമാക്കുന്നതിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ കഴിഞ്ഞ മാസം ബോയിംഗിലും യൂറോപ്യൻ ഏവിയേഷൻ കമ്പനിയായ എയർബസിനുമായി മൊത്തം 470 വിമാനങ്ങൾക്കായി ഓർഡറുകൾ നൽകിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറായി ഇത് മാറിയിരുന്നു.
അതേസമയം, എയർ ഇന്ത്യ വമ്പൻ റിക്രൂട്മെന്റിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ക്യാബിൻ ക്രൂവിനായി 4,200 ട്രെയിനികളെയും 900 പൈലറ്റുമാരെയും നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അന്തർദ്ദേശീയ, ആഭ്യന്തര നെറ്റ്വർക്കുകളിൽ കൂടുതൽ ഫ്ലൈറ്റുകൾ സർവീസ് നടത്തുമ്പോൾ കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ടാകും എന്ന് നിയമന പദ്ധതികൾ വിശദീകരിച്ചുകൊണ്ട് എയർ ഇന്ത്യ ഇൻഫ്ലൈറ്റ് സർവീസ് ഹെഡ് സന്ദീപ് വർമ്മ വ്യക്തമാക്കിയിരുന്നു.