ഒരേ റാങ്ക്, ഒരേ പെൻഷൻ’ ; കുടിശിക വിതരണം ചെയ്യാൻ സുപ്രീം കോടതി പുതിയ സമയക്രമം നിശ്ചയിച്ചു

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പ്രയാസം കണക്കിലെടുത്ത്, വിരമിച്ച സൈനികർക്ക് ‘ഒരേ റാങ്ക്, ഒരേ പെൻഷൻ’ പദ്ധതിപ്രകാരമുള്ള കുടിശിക വിതരണം ചെയ്യാൻ സുപ്രീം കോടതി പുതിയ സമയക്രമം നിശ്ചയിച്ചു. കുടുംബ പെൻഷൻകാർക്കും ധീരതയ്ക്കുള്ള പുരസ്കാരം നേടിയവർക്കും ഏപ്രിൽ 30 ന് മുൻപ് ഒറ്റത്തവണയായി കുടിശിക നൽകണം. 70 വയസ്സിനു മുകളിലുള്ളവർക്ക് ഗഡുക്കളായോ മൊത്തമായോ ജൂൺ 30ന് മുൻപും ബാക്കിയുള്ളവർക്ക് ഓഗസ്റ്റ് 31ന് മുൻപ് തുല്യ ഗഡുക്കളായും നൽകണം.

ഇതു സംബന്ധിച്ച രേഖകൾ അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി മുദ്രവച്ച കവറിൽ നൽകാൻ ശ്രമിച്ചെങ്കിലും കോടതി നിരസിച്ചു. അതു നീതിന്യായ പ്രക്രിയയ്ക്ക് എതിരാണെന്നും ഈ രീതി അവസാനിപ്പിക്കേണ്ടതാണെന്നും പറഞ്ഞ ജസ്റ്റിസ് ചന്ദ്രചൂഡ്, എതിർകക്ഷിക്കു വിവരങ്ങൾ നിഷേധിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി.തുടർന്നാണു സാമ്പത്തിക പ്രയാസം അറ്റോർണി ജനറൽ കോടതിയിൽ വിവരിച്ചത്. 25 ലക്ഷത്തോളം പെൻഷൻകാരുണ്ടെന്നും കുടിശിക 28,000 കോടി രൂപയോളം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്രയും തുക  ഒറ്റയടിക്കു നൽകാനാവില്ലെന്ന് ധനമന്ത്രാലയം അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *