ശ്രീനഗറിലൊരുങ്ങുന്നത് വമ്പന്‍ ഷോപ്പിംഗ് മാള്‍;മാളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാന്‍ ലുലു ഗ്രൂപ്പ്

ജമ്മു കശ്മീരിൽ പ്രത്യേക പദവി റദ്ദാക്കിയതിന പിന്നാലെ പല മേഖലയിലായുള്ള പുരോഗമന പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. അവിടെ യുള്ള ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് ജമ്മു കശ്മീര്‍ സാക്ഷ്യം വഹിക്കുന്നത്. ഇതിന്‍റെ ഭാഗമായി അഞ്ച് ലക്ഷം സ്ക്വയര്‍ ഫീറ്റിലാണ് ശ്രീനഗറില്‍ ഷോപ്പിംഗ് മാള്‍ ഒരുങ്ങുന്നത്. വിദേശത്ത് നിന്ന് നേരിട്ട് നിക്ഷേപകര്‍ എത്തുന്നതിന്‍റെ ഭാഗമായാണ് ഇഎംഎഎആര്‍ ഗ്രൂപ്പ് ഷോപ്പിംഗ് മാളിന് തറക്കല്ലിട്ടത്. മാര്‍ച്ച് 19നാണ് ഷോപ്പിംഗ് മാളിന്‍റെ തറക്കല്ലിട്ടത്.

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സംരംഭം ആരംഭിക്കുന്നത്. അബുദാബി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിന്‍റെ ഹൈപ്പര്‍മാര്‍ക്കറ്റും ഈ മാളിലുണ്ടാകും. ഇഎംഎഎആര്‍ പ്രോപ്പര്‍ട്ടീസ് നിര്‍മ്മിക്കുന്ന മാളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാന്‍ ധാരണയായതായി ലുലു ഗ്രൂപ്പ് വ്യക്തമാക്കി. നിലവില്‍ കുങ്കുമപ്പൂവ്, ആപ്പിള്‍, ഡ്രൈ ഫ്രൂട്ട്സ് എന്നിവയുടെ കയറ്റുമതിയില്‍ ലുലു ഗ്രൂപ്പ് ഭാഗമാണ്.

ഇതിന് പുറമേ റിയല്‍ എസ്റ്റേറ്റ്,  വ്യാവസായിക പാര്‍പ്പിട ആവശ്യത്തിനായുള്ള കെട്ടിട നിര്‍മ്മാണം, ഹോട്ടല്‍ വ്യവസായം എന്നീ മേഖലകളിലേക്കും നിക്ഷേപമുണ്ടാവുമെന്നാണ് ഇഎംഎഎആര്‍ ഗ്രൂപ്പ് വിശദമാക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 19000 കോടി രൂപയുടെ 39 ധാരണാപത്രങ്ങളാണ് ജമ്മുവില്‍ നടന്ന റിയല്‍ എസ്റ്റേറ്റ് സമ്മില്‍ തയ്യാറായിട്ടുള്ളത്. വ്യാവസായിക പദ്ധതികള്‍ക്കും നിര്‍മ്മാണ പദ്ധതികള്‍ക്കും മുന്‍തൂക്കം നല്‍കി താഴ്വരയെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരുമുള്ളത്. താഴ്വരയില്‍ എല്ലാവര്‍ക്കും പുരോഗതിയും സമാധാനവുമാണ് വേണ്ടതെന്ന് പ്രാദേശികരുടെ അഭിപ്രായം. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ 14000 കോടി രൂപയുടെ നിക്ഷേപമാണ് ജമ്മു കശ്മീരിലേക്ക് എത്തിയത്. നിലവില്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരുന്ന കാഴ്ചകളാണ് താഴ്വരയിലുള്ളത്. വിദേശ നിക്ഷേപകര്‍ പോലും താഴ്വരയില്‍ വലിയ രീതിയിലുള്ള നിക്ഷേപത്തിനാണ് താല്‍പര്യമെടുക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *