ഇന്ത്യയിലെ ഓഹരി വിലസൂചികകളിൽ മുന്നേറ്റം

ഇന്ത്യയിലെ ഓഹരി വിപണി പുതുവർഷപ്പിറവിക്കു മുമ്പു സെൻസെക്‌സും നിഫ്‌റ്റിയും റെക്കോർഡ് നിലവാരത്തിലെത്തുമെന്ന നിരീക്ഷണങ്ങളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്.

യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ 0.75% കൂടി വർധന പ്രഖ്യാപിച്ചു. വർധന നിലച്ചെന്നു പറയാറായിട്ടില്ലെന്നു  ചെയർമാൻ ജെറോം പവൽ കൂട്ടിച്ചേർക്കുകയും ചെയ്‌തു. ബാങ്ക് ഓഫ് ഇംഗ്‌ളണ്ടും 0.75% വർധന വരുത്തി. 

പക്ഷേ ഇതൊന്നും ഇന്ത്യയിലെ ഓഹരി വിപണി ഗൗരവമായെടുത്തില്ല. ഇവിടെ സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെട്ട നിലയിലാണല്ലോ എന്നതാണ് ഈ നിലപാടിനു കാരണം. ഏറെക്കാലത്തേക്കു മാറിനിൽക്കുകയായിരുന്ന വിദേശ ധനസ്‌ഥാപനങ്ങൾ ഇന്ത്യൻ വിപണിയിലേക്കു തിരിച്ചെത്തിയിരിക്കുന്നതു നിലപാടിനെ സാധൂകരിക്കുന്നതുമാണ്.

ഇന്നു വ്യാപാരം പുനരാരംഭിക്കുമെങ്കിലും നാളെ വിപണിക്കു ഗുരു നാനാക് ജയന്തി പ്രമാണിച്ച അവധിയായിരിക്കും. അതിനാൽ ഈ ആഴ്‌ച വ്യാപാരം നാലു ദിവസത്തിലൊതുങ്ങും.

13,264.62 കോടി രൂപയുടെ ത്രൈമാസ അറ്റാദായം എന്ന റെക്കോർഡ് നേട്ടം ഉൾപ്പെടുന്ന മികച്ച പ്രവർത്തന ഫലം എസ്‌ബിഐയിൽനിന്നു പുറത്തുവന്നതിനു ശേഷമുള്ള ആദ്യ വ്യാപാരദിനമാണ് ഇന്ന്. നാലു കമ്പനികൾ ഐപിഒ വിപണിയിലെത്തുന്നുവെന്നതും ഈ ആഴ്‌ചയിലെ പ്രത്യേകതയാണ്. ഇവയൂടെ മൊത്തം സമാഹരണ ലക്ഷ്യം 5020 കോടി രൂപ വരും.

Leave a Reply

Your email address will not be published. Required fields are marked *