ഓഹരി വിപണികളിൽ വലിയ മാറ്റത്തിന്റെ തുടക്കം കുറിച്ച് സ്വർണത്തിന്റെ ഇത്തരം വാങ്ങലും വിൽക്കലും കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇലക്ട്രോണിക് ഗോൾഡ് റസീറ്റായാണ് (ഇജിആർ) സ്വർണം വാങ്ങാനും വിൽക്കാനും കഴിയുക. രാജ്യത്തെ പ്രധാന ഓഹരി വിപണിയായ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (ബിഎസ്‌സി) ഓഹരിപോലെ സ്വർണത്തിന്റെ വ്യാപാരവും തുടങ്ങിവച്ചു. ആവശ്യമെങ്കിൽ സ്വർണം ഫിസിക്കൽ രൂപത്തിൽ തിരികെയെടുക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. 995, 999 പരിശുദ്ധിയുള്ള തങ്കമാണ് ഇജിആറുകളാക്കി മാറ്റുന്നത്.
ബിഎസ്‌സി ആദ്യ സ്വർണ വ്യാപാര ഇടപാട് പൂർത്തീകരിച്ചതോടെ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചും ഉടൻ സ്വർണ ഇജിആറുകളുടെ വ്യാപാരം തുടങ്ങിയേക്കും. ബിഎസ്‌സിയുടെ പ്ലാറ്റ്ഫോമിൽ ആദ്യദിനം തന്നെ നൂറിലധികം പേരാണ് സ്വർണ ഓഹരികളുടെ വ്യാപാരം നടത്തിയത്. കൂടുതൽ സുതാര്യമായി സ്വർണം വാങ്ങാവുന്ന എക്സ്ചേഞ്ചുകൾ ആരംഭിക്കുന്നതോടെ രാജ്യത്താകെ ഒരൊറ്റ സ്വർണവില വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.