പട്ടയഭൂമിയിൽ പാറമട നടത്താനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭൂപതിവു നിയമപ്രകാരം (1964) കൃഷി, പാർപ്പിടം തുടങ്ങിയ ആവശ്യങ്ങൾക്കു പതിച്ചു നൽകിയ ഭൂമി അതിനു മാത്രമേ ഉപയോഗിക്കാവൂ എന്ന കേരള ഹൈക്കോടതി വിധിക്കെതിരെ ക്വാറി ഉടമകൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന കാര്യം ചട്ടത്തിലുണ്ടെന്നു കോടതി ആവർത്തിച്ചു. അനുവദനീയമല്ലാത്ത പാറ പൊട്ടിക്കൽ എങ്ങനെ നടക്കുമെന്ന ചോദ്യവും ഉന്നയിച്ചു. എന്നാൽ 2019 ൽ ഇതു സംബന്ധിച്ചു സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും ഇതു നിലനിൽക്കെ ഭേദഗതിയുടെ ആവശ്യമില്ലെന്നും ക്വാറി ഉടമകൾ പറഞ്ഞു. ഇക്കാര്യം നേരത്തേ ഹൈക്കോടതി പരിഗണിച്ചിട്ടില്ലെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയതോടെയാണു ഹൈക്കോടതിയിൽ പുനഃപരിശോധനയ്ക്ക് അനുമതി നൽകിയത്.