എച്ച്ഐവി/എയ്ഡ്സ്, മാനസികാരോഗ്യ പ്രശ്നങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയ്ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും അനിയോജ്യമായ പോളിസികള്‍ ഉടന്‍ അവതരിപ്പിക്കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി (IRDAI) പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവര്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് നടപടി.
2018ല്‍ നിലവില്‍ വന്ന മെന്റല്‍ ഹെല്‍ത്ത്കെയര്‍ ആക്ടില്‍ (2017) ശാരീരിക രോഗങ്ങളെപ്പോലെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കും ഇന്‍ഷുറന്‍സ് നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. പല തവണ ഇക്കാര്യം ഐആര്‍ഡിഎഐ ആവശ്യപ്പെട്ടിട്ടും ഭുരിഭാഗം കമ്പനികളും ഇത് നടപ്പാക്കിയിരുന്നില്ല.
പോളിസി തയ്യാറാക്കുന്നതിന് കമ്പനികള്‍ക്കായി ഒരു മാതൃകയും ഐആര്‍ഡിഎഐ പുറത്തിറക്കിയിട്ടുണ്ട്. ഈ മാതൃകയില്‍ വേണ്ട കൂട്ടിച്ചേര്‍ക്കലുകള്‍ കമ്പനികള്‍ക്ക് നടത്താം. ഒരു വര്‍ഷം കാലാവധിയുള്ള, പിന്നീട് പുതുക്കാന്‍ സാധിക്കുന്ന പോളിസികള്‍ വേണം നല്കാന്. പോളിസിയുടെ പ്രീമിയം തുക ഐര്‍ഡിഎഐ റെഗുലേഷന്‍സ് അനുസരിച്ച് കമ്പനികള്‍ക്ക് നിശ്ചയിക്കാം. അതേ സമയം ഈ വിഭാഗത്തിലെ അപേക്ഷകള്‍ തള്ളപ്പെടുന്നില്ലെന്ന് കമ്പനികള്‍ ഉറപ്പ് വരുത്തണം.