സ്വകാര്യ വനങ്ങൾ ഏറ്റെടുക്കുന്നതിൽ 50 സെന്റ് വരെയുള്ള കർഷകർക്കു പൂർണ ഇളവ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ ധാരണ.

സ്വകാര്യ വനങ്ങൾ സർക്കാരിലേക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതിയിൽ 50 സെന്റ് വരെയുള്ള ചെറുകിട, നാമമാത്ര കർഷകർക്കു പൂർണ ഇളവ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ ധാരണ.

50 സെന്റ് വരെ സ്വകാര്യ വനഭൂമി കൈവശം വച്ചു വീടുണ്ടാക്കി താമസിക്കുന്നുവെന്നോ ആ ഭൂമിയിൽ കൃഷി ചെയ്യുന്നുവെന്നോ തെളിയിക്കുന്നവർക്കു ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കും. വീടു വച്ചു താമസിക്കുന്നവർക്കാകും മുൻഗണന. കൃഷിഭൂമിയാണെന്നു തെളിയിക്കുന്ന രേഖ, കമ്മിഷൻ റിപ്പോർട്ട്, പ്ലാന്റേഷൻ കമ്മിറ്റി റിപ്പോർട്ട് തുടങ്ങിയവ ഹാജരാക്കിയാലും ഉടമസ്ഥാവകാശം ലഭിക്കും.

കർഷകർ ഹാജരാക്കുന്ന രേഖ തർക്കമറ്റ തെളിവായി കണക്കാക്കണം എന്ന സുപ്രീം കോടതി വിധിയുടെ ബലത്തിൽ പുതിയ ഭേദഗതി ബില്ലിൽ അതു കൂടി ഉൾപ്പെടുത്തണമെന്നു റവന്യു വകുപ്പിന് അഭിപ്രായമുണ്ട്. അല്ലെങ്കിൽ അംഗീകരിക്കാവുന്ന തെളിവുകളിൽ ഉൾപ്പെടുത്തണം. എന്നാൽ തർക്കമറ്റ തെളിവായി കണക്കാക്കാനാവില്ല എന്നാണ് വനംവകുപ്പിന്റെ നിലപാട്. ഇക്കാര്യത്തിൽ വനം, റവന്യു, നിയമ മന്ത്രിമാർ ചർച്ച നടത്തി ധാരണയിൽ എത്താനാണ് മന്ത്രിസഭാ തീരുമാനം. തെളിവു നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം വിശദമായി പരിശോധിക്കും.

ഇളവ് അനിശ്ചിതത്വം മറികടക്കാൻ

കർഷകർക്കു പതിച്ചു കൊടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖ തർക്കമറ്റതാണെന്നു ഭൂപരിഷ്കരണ നിയമത്തിലെ 72–ാം വകുപ്പിൽ പറയുന്നുണ്ട്. എന്നാൽ 1971ലെ സ്വകാര്യ വനങ്ങൾ നിക്ഷിപ്തമാക്കലും ഏറ്റെടുക്കലും നിയമം വന്നതോടെ വനത്തിനുള്ളിലെ കൃഷിഭൂമിക്ക് ഇതു ബാധകമല്ലാതായി. ഇതിനെതിരെ മുഹമ്മദ് ബഷീർ എന്നയാൾ സുപ്രീംകോടതിയിൽ നൽകിയ കേസിൽ അദ്ദേഹത്തിന് അനുകൂലവിധി ലഭിച്ചതോടെ കർഷകർ ഹാജരാക്കുന്ന രേഖ തർക്കമറ്റ രേഖയായി കണക്കാക്കാമെന്നു വന്നു. ഈ വിധി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും വനം വൻതോതിൽ നഷ്ടപ്പെടുമെന്നും വിലയിരുത്തിയ വനം വകുപ്പ് അതു മറികടക്കാൻ നിയമഭേദഗതിക്കു നിർദേശിക്കുകയായിരുന്നു.

സുപ്രീംകോടതി വിധി അംഗീകരിക്കുന്നതോടെ വനം കയ്യേറ്റവുമായി ബന്ധപ്പെട്ടു കോടതിയിലുള്ള 90 % കേസുകളും സംസ്ഥാനത്തിന് എതിരാകുമെന്നു ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് നിയമഭേദഗതിക്കു തീരുമാനിച്ചത്. ഇതിന്റെ കരട് അംഗീകരിച്ചെങ്കിലും ചെറുകിട കർഷകരുടെ കാര്യത്തിൽ റവന്യു വകുപ്പ് എതിർത്തതോടെ അനിശ്ചിതത്വത്തിലായി. ഈ അനിശ്ചിതത്വം മറികടക്കാനാണ് 50 സെന്റ് വരെയുള്ള കർഷകർക്ക് ഇളവ് നൽകാനും തെളിവിന്റെ കാര്യത്തിൽ വ്യക്തത വരുത്താനുമുള്ള സർക്കാർ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *