സംസ്ഥാനത്തെ 60 സ്പെഷൽ സ്കൂളുകളുടെ റജിസ്ട്രേഷൻ പുതുക്കിയില്ല. ഇക്കാരണത്താൽ, സ്പെഷൽ സ്കൂൾ പാക്കേജിൽ ഉൾപ്പെടുത്തി സർക്കാർ നൽകുന്ന ധനസഹായം ഈ സ്കൂളുകൾക്കു നഷ്ടപ്പെടും. ഇത്രയും സ്കൂളുകളിലായി 3669 കുട്ടികളാണു പഠിക്കുന്നത്.
സ്കൂളുകളുടെ പട്ടിക സഹിതം പൊതുവിദ്യാഭ്യാസ വകുപ്പ് സാമൂഹികനീതി വകുപ്പിനു കത്തു നൽകി. പട്ടികയിലുള്ള സ്കൂളുകളിൽ പരിശോധന നടത്തി റജിസ്ട്രേഷന്റെ കാര്യത്തിൽ തീരുമാനമെടുക്കണം എന്നാണ് ആവശ്യം. പഴ്സൻസ് വിത്ത് ഡിസബിലിറ്റീസ് (പിഡബ്ല്യുഡി) നിയമപ്രകാരം സാമൂഹികനീതി വകുപ്പാണു റജിസ്ട്രേഷൻ നൽകേണ്ടത്.
സംസ്ഥാനത്തു 304 സ്പെഷൽ സ്കൂളുകളാണുള്ളത്. സാമൂഹികനീതി വകുപ്പിന്റെ റജിസ്ട്രേഷനുണ്ടെങ്കിൽ മാത്രമേ ഈ സ്കൂളുകൾക്കു സർക്കാരിന്റെ സഹായം ലഭിക്കൂ. അധ്യാപകരുടെ ഓണറേറിയം, കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കണമെങ്കിലും റജിസ്ട്രേഷൻ വേണം.