സ്റ്റാർട്ടപ്പ് സംരംഭകർക്ക് മുന്നിലെ ഏറ്റവും പ്രധാന വെല്ലുവിളിയായ ഫണ്ട് സംഘടിപ്പിക്കുന്നതിന് വിവിധ പദ്ധതികളാണ് കെഎസ് യുഎൻ ഒരുക്കിയിരിക്കുന്നത്. നൂതന ആശയങ്ങളുമായി സംരംഭം തുടങ്ങാൻ ഇറങ്ങിപ്പുറപ്പെടുന്നവർക്ക് ആശയത്തെ സാക്ഷാത്കരിക്കാനും അതിനെ വികസിപ്പിക്കാനും അടുത്ത ഘട്ടത്തിലേക്ക് വളർത്താനും പറ്റുന്ന വിധത്തിൽ വ്യത്യസ്ത തലങ്ങളിലുള്ള സാമ്പത്തിക പിന്തുണയാണ് കെഎസ് യുഎം നൽകുന്നത്.
ഭാവിയിൽ വൻ വളർച്ചാ സാധ്യതയുള്ള മേഖലകൾ കണ്ടെത്തി ആ രംഗത്തെ സംരംഭങ്ങളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യത്തോടെ മുന്നേറുന്ന കേരള സ്റ്റാർട്ടപ്പ് മിഷൻ ഇതാദ്യമായി ഐഒടി രംഗത്തിന് സവിശേഷ ഊന്നൽ നൽകാനായി ഐഒടി സമിറ്റ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 28ന് തിരുവനന്തപുരം ടെക്നോപാർക്കിലെ പാർക്ക് സെൻട്രലിൽ വച്ചാണ് സമിറ്റ് നടക്കുക. “ഭാവിയിൽ വൻ വളർച്ചാ സാധ്യതയുള്ള മേഖലയാണ് ഐഒടി. നിലവിൽ അങ്ങേയറ്റം ഇന്നോവേറ്റീവായ, വലിയ വളർച്ചാ സാധ്യതയുള്ള ഉൽപ്പന്നങ്ങളുള്ള സ്റ്റാർട്ടപ്പുകൾ ഈ രംഗത്തുണ്ട്. അതിൻറെ അടിസ്ഥാനത്തിലാണ് ഐഒടി സമിറ്റ് സംഘടിപ്പിക്കുന്നത്,” സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് പി.അംബിക പറയുന്നു.
ഫിസിക്കലായും വെർച്വലായും നടക്കുന്ന സമിറ്റിൽ 200ലേറെ പ്രമുഖ ചീഫ് എക്സ്പീരിയൻസ് ഓഫീസർമാർ, ഇന്നോവേറ്റേഴ്‌സ്, സംരംഭകർ, നിക്ഷേപകർ,വെഞ്ച്വർ ക്യാപ്പിറ്റലിസ്റ്റുകൾ, ഭരണരംഗത്തെ പ്രമുഖർ, ഐഒടി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നയരൂപീകരണ വിദഗ്ധർ തുടങ്ങിയവർ സംബന്ധിക്കും. നാമമാത്രമായ രജിസ്ട്രേഷൻ ഫീസ് നൽകി സമിറ്റിൽ സംബന്ധിക്കാം. സമിറ്റിനോടനുബന്ധിച്ച് ഐഒടി സ്റ്റാർട്ടപ്പുകളുടെ നൂതന ഉൽപ്പന്നങ്ങളെ അണിനിരത്തിയുള്ള എക്സ്പോയും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രധാന സാമ്പത്തിക സഹായങ്ങൾ
ഇന്നോവേഷൻ ഗ്രാന്റ് (Innovation grant):-
സ്റ്റാർട്ടപ്പ് സംരംഭകരുടെ നൂതന ആശയങ്ങൾ സൂസജ്ജമായൊരു സംരംഭമായി വളർത്താൻ വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന ഗ്രാൻ്റാണിത്. കേരള സ്റ്റാർട്ടപ്പ് മിഷൻ വഴിയാണ് ഈ ഗ്രാൻ്റ് നൽകുന്നത്.ഈ പദ്ധതിയുടെ കീഴിലായി ഐഡിയ ഗ്രാൻ്റ് (മൂന്ന് ലക്ഷം രൂപ വരെ), പ്രൊഡക്ട്ടൈസേഷൻ ഗ്രാൻ്റ് (ഏഴ് ലക്ഷം രൂപ വരെ), മാർക്കറ്റ് ആക്സിലറേഷൻ ഗ്രാൻ്റ് (പത്ത് ലക്ഷം), സ്കെയ്ൽ ആപ് ഗ്രാൻ്റ് (15 ലക്ഷം രൂപ വരെ) സംരംഭകർക്ക് ലഭിക്കും. ഹാർഡ് വെയർ സ്റ്റാർട്ടപ്പുകൾക്ക് കേന്ദ്രസർക്കാരിൻറെ നിധി പ്രയാസ് സ്കീം പ്രകാരം 10 ലക്ഷം രൂപ വരെ കിട്ടും. സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് പ്രോഗ്രാം വഴി 20 ലക്ഷം രൂപ വരെ ഗ്രാൻ്റ് ആയി കിട്ടും.
സീഡ് ലോൺ സപ്പോർട്ട് (Seed loan support):-
നൂതന ടെക്നോളജി അധിഷ്ഠിത സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും വളർത്താനും വേണ്ടിയുള്ള സാമ്പത്തിക പിന്തുണയാണിത്. 15 ലക്ഷം വരെയാണ് ഫണ്ട് ലഭിക്കുക. പലിശ നിരക്കിൽ സബ്സിഡിയുണ്ടാവും. വായ്പ തിരിച്ചടവിൽ മോറട്ടോറിയവും ലഭിക്കും. സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ലോൺ വഴി 50 ലക്ഷം രൂപ വരെ ലോൺ കിട്ടുന്ന ഒരു സ്കീമുണ്ട്.
പേറ്റന്റ് പ്ലാൻ (Patent reimbursement)
സ്റ്റാർട്ടപ്പ് സംരംഭകർക്കും സ്റ്റുഡൻറ് സംരംഭകർക്കും പേറ്റന്റിനായി ചെലവാകുന്ന തുക മടക്കിക്കൊടുക്കുന്ന പദ്ധതിയാണിത്. ഇന്ത്യൻ പേറ്റന്റിന് രണ്ട് ലക്ഷം രൂപ വരെ ലഭിക്കും. ഫോറിൻ പേറ്റന്റിനാണെങ്കിൽ 10 ലക്ഷം വരെ ലഭ്യമാകും. കൺസൾട്ടേഷൻ ഫീസ് അടക്കം നൽകുന്ന ഈ പദ്ധതിയിൽ മൂന്ന് ഘട്ടങ്ങളിലായിയാണ് ഫണ്ട് ലഭ്യമാക്കുക.
ടെക്നോളജി സപ്പോർട്ട് (Technology transfer & Commercialisation support(
ഇന്ത്യയിലെ ഗവൺമെൻറ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് ടെക്നോളജി ലൈസൻസുകൾ വാങ്ങിയോ അല്ലെങ്കിൽ സോഴ്സ് ചെയ്തോ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന സാമ്പത്തിക പിന്തുണയാണിത്. ടെക്നോളജി ലൈസൻസ്/ ട്രാൻസ്ഫറിനായി സ്റ്റാർട്ടപ്പുകൾ മുടക്കുന്ന തുകയാണ് ഈ പദ്ധതിയുടെ ഭാഗമായി മടക്കി കിട്ടുക. പരമാവധി പത്തുലക്ഷം രൂപ ലഭിക്കും. റിസർച്ച് സ്ഥാപനത്തിന് നൽകുന്ന തുകയുടെ 90% വരെ മാത്രമേ ഇതിലൂടെ ലഭിക്കൂ.
ഫണ്ട് (Fund of funds)
സെബി അംഗീകൃത ആൾട്ടർനേറ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളുമായി ചേർന്ന് കെ എസ് യു എം നടപ്പാക്കുന്ന പദ്ധതിയാണിത്. കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം.
കെ എസ് യു എം നൽകുന്ന പിന്തുണകളെ കുറിച്ച് അറിയാൻ സന്ദർശിക്കുക: https://startupmission.Kerala.gov.in/schemes/technology-commercialisation.