ദുബൈയിലെ സ്‍കൂളുകളിലെ ഫീസ് അടുത്ത വര്‍ഷം ആറ് ശതമാനം വരെ ഫീസ് വര്‍ദ്ധിക്കും

ദുബൈയിലെ സ്വകാര്യ സ്കൂളുകളില്‍ അടുത്ത അദ്ധ്യയന വര്‍ഷം ആറ് ശതമാനം വരെ ഫീസ് വര്‍ദ്ധിക്കും. ട്യൂഷന്‍ ഫീസില്‍ മൂന്ന് ശതമാനം മുതല്‍ ആറ് ശതമാനം വരെ വര്‍ദ്ധനവ് വരുത്താന്‍ ദുബൈയിലെ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അനുമതി നല്‍കി. എമിറേറ്റിലെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസ നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ട് സ്വകാര്യ സ്‍കൂളുകള്‍ നടത്തിക്കൊണ്ട് പോകാനുള്ള ചെലവും കണക്കാക്കിയാണ് ഫീസ് വര്‍ദ്ധനവിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ കണക്കിലെടുത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ദുബൈയിലെ സ്‍കൂളുകളിലെ ഫീസ് ഘടന മാറ്റമില്ലാതെ തുടരുകയായിരുന്നു. നിലവിലുള്ള ഫീസ് വര്‍ദ്ധനവ് സുതാര്യമായ നടപടികളിലൂടെയാണ് കൊണ്ടുവന്നിരിക്കുന്നതെന്നും രക്ഷിതാക്കള്‍ക്ക് ഇക്കാര്യം പരിശോധിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ സ്‍കൂളുകള്‍ തെരഞ്ഞെടുക്കാമെന്നും കെ.എച്ച്.ഡി.എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ദര്‍വീഷ് പറഞ്ഞു.

സ്‍കൂളുകളില്‍ അധികൃതര്‍ നടത്തിയ ഏറ്റവും ഒടുവിലത്തെ പരിശോധന പ്രകാരം പ്രത്യേകം റേറ്റിങ് നല്‍കുകയും ഈ റേറ്റിങ് പ്രകാരം ഫീസ് ഘടനയില്‍ മാറ്റം വരുത്താന്‍ അനുവദിക്കുകയുമാണ് ചെയ്‍തത്. നേരത്തെയുണ്ടായിരുന്ന അതേ റേറ്റിങ് തന്നെ നിലനിര്‍ത്തിയിട്ടുള്ള സ്‍കൂളുകള്‍ക്ക് മൂന്ന് ശതമാനം ഫീസ് വര്‍ദ്ധിപ്പിക്കാം. അതേസമയം വെരി വീക്ക് കാറ്റഗറിയില്‍ നിന്ന് വീക്ക് കാറ്റഗറിയിലേക്ക് മാറിയ സ്‍കൂളുകള്‍ക്കും വീക്ക് കാറ്റഗറിയില്‍ നിന്ന് അക്സെപ്റ്റബിള്‍ കാറ്റഗറിയിലേക്ക് മാറിയ സ്‍കൂളുകള്‍ക്കും, അക്സെപ്റ്റബിള്‍ കാറ്റഗറിയില്‍ നിന്ന് ഗുഡ് കാറ്റഗറിയിലേക്ക് മാറിയ സ്‍കൂളുകള്‍ക്കും ആറ് ശതമാനം വരെ ഫീസ് വര്‍ദ്ധിപ്പാക്കാം

ഗുഡ് കാറ്റഗറിയില്‍ നിന്ന് വെരി ഗുഡ് കാറ്റഗറിയിലേക്ക് മാറിയ സ്‍കൂളുകള്‍ക്ക് 5.25 ശതമാനം വരെയാണ് ഫീസ് കൂട്ടാനാവുക. വെരിഗുഡ് കാറ്റഗറിയില്‍ നിന്ന് ഔട്ട്‍സ്റ്റാന്റിങ് കാറ്റഗറിയിലേക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തിയ സ്‍കൂളുകള്‍ക്ക് 4.5 ശതമാനം ഫീസ് വര്‍ദ്ധനവിനാണ് അനുമതിയുള്ളത്. അതേസമയം സ്‍കൂള്‍ ഫീസ് വര്‍ദ്ധനവ് കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്ന ആശങ്കയിലാണ് പ്രവാസികള്‍.

Leave a Reply

Your email address will not be published. Required fields are marked *