2018ൽ ആരംഭിച്ച ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അഥവാ ഐപിപിബി രാജ്യത്തെല്ലാവർക്കും അടുത്ത ബാങ്കാണ്. അക്കൗണ്ട് തുറക്കുക, നിക്ഷേപം നടത്തുക, പണം പിൻവലിക്കുക, ബില്ലുകൾ അടയ്ക്കുക എന്നിവയെല്ലാം നടത്താം. ഇൻഷുറൻസ് പോളിസി വാങ്ങാം, മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. അതും സ്വന്തം വീട്ടുപടിക്കൽ തന്നെ. മാത്രമല്ല, രാജ്യത്തെല്ലായിടത്തും, പട്ടണങ്ങളെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെ ബാങ്കിങ് സേവനങ്ങൾ വീട്ടുപടിക്കൽ നൽകുകയും ചെയ്യുന്നു.
അക്കൗണ്ട് തുറക്കുന്നതുപോലുള്ള സേവനങ്ങൾ പോസ്റ്റാമാൻമാർ നിങ്ങളുടെ വീട്ടുപടിക്കലെത്തി സൗജന്യമായി ചെയ്തുതരും. എന്നാൽ, മറ്റു സേവനങ്ങൾക്കു ചുരുങ്ങിയ ഫീസ് ഈടാക്കുന്നു. 11 മണിക്കും 4 മണിക്കും ഇടയിൽ സൗകര്യപ്രദമായ സമയത്ത് വീട്ടുപടിക്കലെ സേവനങ്ങൾ ഓൺലൈനായോ ഫോണിലൂടെയോ ആവശ്യപ്പെടാം. പോസ്റ്റ്മാൻ മുഖാന്തരമോ പോസ്റ്റ്ഓഫിസിൽ നേരിട്ടോ ഇതു ചെയ്യാം. 5.25 കോടി അക്കൗണ്ടുകൾ ഇത്തരത്തിലുണ്ട്. അക്കൗണ്ടിലൂടെ സർക്കാർ ആനുകൂല്യങ്ങൾ സ്വീകരിക്കുന്നത് 40 ലക്ഷം സ്ത്രീകളാണ്.
പോസ്റ്റ് ഓഫിസിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഒരു സന്ദർശനത്തിനു 20 രൂപ നിരക്കിൽ ചാർജ് നൽകണമെങ്കിലും ഒരേ സന്ദർശനത്തിൽ ഒന്നിലധികം സേവനങ്ങൾ ഉപയോഗപ്പെടുത്താം. വീട്ടുപടിക്കലെത്തുന്ന ഐപിപിബി പ്രതിനിധി കയ്യിൽ കരുതിയിട്ടുള്ള മൈക്രോ എടിഎം എന്നറിയപ്പെടുന്ന ഡിജിറ്റൽ ഉപകരണം പണം പിൻവലിക്കൽ ഉൾപ്പെടെ ഒട്ടുമിക്ക പണം കൈമാറ്റ സേവനങ്ങളും സാധ്യമാക്കും.
റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പോളിസികളിൽ പ്രീമിയം അടയ്ക്കുന്നതിന് വീട്ടുപടിക്കൽ സേവനം പ്രയോജനപ്പെടുത്തുന്ന ഒട്ടനവധി സാധാരണ ഗ്രാമീണരുണ്ട്. പൂർണമായും കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ളതാണ് ഐപിപിബി. എന്നാൽ, പേയ്മെന്റ് ബാങ്ക് എന്ന പ്രത്യേക ബാങ്ക് വിഭാഗമായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളതും എയർടെൽ, പേടിഎം പേയ്മെന്റ് ബാങ്കുകൾ തുടങ്ങിയവയുടെ ഗണത്തിൽപെടുന്നതുമാണ്.
ആധാർ രേഖകളിൽ മൊബൈൽ നമ്പർ പുതുക്കുക, ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയ അധികസേവനങ്ങളും പ്രയോജനപ്പെടുത്താം. മറ്റേതൊരു പേയ്മെന്റ് ബാങ്കുകളെയും പോലെ ഐപിപിബി വായ്പകൾ നൽകുന്നില്ല. എന്നാൽ, പ്രമുഖ ഭവനവായ്പ സ്ഥാപനങ്ങളായ എച്ച്ഡിഎഫ്സി ലിമിറ്റഡ്, എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്നിവയുമായി ചേർന്ന് ഭവനവായ്പ രംഗത്തു ഐപിപിബി പ്രവർത്തിക്കുന്നുണ്ട്.
എടിഎം കാർഡുകൾക്കു ബദലായി ഗ്രാമീണ മേഖലയിൽ കൂടുതൽ വ്യാപകമായ ക്യുആർ കോഡ്, ആധാർ കാർഡ് തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സേവനമാണ് ഐപിപിബി നൽകുന്നത്. റുപേ കാർഡുകൾ സ്വീകരിക്കുന്ന വെബ്സൈറ്റുകളിലും ഓൺലൈൻ പോർട്ടലുകളിലും അതീവസുരക്ഷയോടെ ഇ-കൊമേഴ്സ് ഇടപാടുകൾക്ക് ഉപയോഗിക്കാവുന്ന വെർച്വൽ ഡെബിറ്റ് കാർഡുകളും ഐപിപിബി മൊബൈൽ ആപ് വഴി നൽകുന്നുണ്ട്.
സേവിങ്സ് ബാങ്ക് അക്കൗണ്ട്
സാധാരണ അക്കൗണ്ടുകൾ, ഡിജിറ്റൽ അക്കൗണ്ടുകൾ, ബേസിക് സേവിങ്സ് അക്കൗണ്ടുകൾ എന്നിങ്ങനെ മൂന്നു തരം സേവിങ്സ് അക്കൗണ്ടുകൾ തുറക്കാം. സീറോ ബാലൻസ് അക്കൗണ്ടുകളായും സേവിങ്സ് അക്കൗണ്ട് അനുവദിക്കും. ഒരു ലക്ഷം രൂപ വരെ രണ്ടരയും അതിനു മുകളിൽ രണ്ടു ലക്ഷം രൂപ വരെ 2.75 ഉം ശതമാനവുമാണ് വാർഷികപ്പലിശ.
പണം കൈമാറ്റ സേവനം
ഇന്ത്യയ്ക്കകത്ത് എവിടെയുമുള്ള ബാങ്കുകളുടേത് ഉൾപ്പെടെയുള്ള അക്കൗണ്ടുകളിലേക്ക് ഐപിപിബിയിലൂടെ പണം കൈമാറാം. ഐഎൻപിഎസ്, യുപിഐ, ആർടിജിഎസ്, എൻഇഎഫ്ടി തുടങ്ങി എല്ലാ പണകൈമാറ്റ ചാനലുകളിലൂടെയും ഇതു സാധ്യവുമാണ്. ഗ്രാമീണ മേഖലയിൽ ഏറ്റവും കൂടുതൽ പണം കൈമാറ്റം നടക്കുന്ന ആധാർ അധിഷ്ഠിത ഇലക്ട്രോണിക് പേയ്മെന്റ് സേവനവും ഐപിപിബി ലഭ്യമാക്കുന്നു.
മുൻനിര ബാങ്കുകളുടെ മൊബൈൽ ആപ്പുമായി കിടപിടിക്കുന്ന ഐപിപിബി മൊബൈൽ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്. ഇവ ഉപഭോക്തൃ സൗഹൃദവും ആണെന്നു മാത്രമല്ല, എല്ലാ മൊബൈൽ പണം കൈമാറ്റ സേവനങ്ങളും അനായാസം നടത്താൻ യോഗ്യവുമാണ്.
ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ മാസം നാലു തവണ പണം പിൻവലിക്കൽ സൗജന്യമാണ്. മറ്റ് അക്കൗണ്ടുകളിൽ മാസം 25,000 രൂപ വരെ പിൻവലിക്കുന്നത് സൗജന്യമായിരിക്കും. ബേസിക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുന്നത് സൗജന്യമാണ്. മറ്റ് അക്കൗണ്ടുകളിൽ മാസം 10,000 രൂപ വരെയാണു സൗജന്യം.