സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രതിഭാ ധനസഹായ പദ്ധതിയുടെ ഭാഗമായി 1 ലക്ഷം രൂപയുടെ 1000 സ്കോളർഷിപ്പുകൾ. 2021-22 അദ്ധ്യയന വർഷത്തിൽ പഠിച്ചിരുന്ന ബിരുദ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിനുള്ള അർഹത. വിവിധ വിഷയങ്ങളിൽ വിജയകരമായി ബിരുദം (3,4,5 വർഷ ബിരുദ കോഴ്സുകൾ) പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
കേരള, കാലിക്കറ്റ്, കുസാറ്റ്, എംജി, കണ്ണൂർ, ആരോഗ്യം, വെറ്ററിനറി, കാർഷികം, ഫിഷറീസ്, നുവാൽസ്, സംസ്കൃതം സർവകലാശാലകൾ, സാങ്കേതിക സർവകലാശാല, കേരള കലാമണ്ഡലം എന്നീ 13 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന ഹയർ എജ്യുക്കേഷൻ സ്കോളർഷിപ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
2021 – 22 അദ്ധ്യയന വർഷം അവസാന വർഷ ബിരുദ പരീക്ഷ വിജയിച്ചവരിൽ നിന്ന് ഡിഗ്രി തല പരീക്ഷയിൽ ലഭിച്ച ആകെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അർഹത നിശ്ചയിക്കുന്നത്. ഡിഗ്രി/ തത്തുല്യ കോഴ്സിൽ റഗുലറായി കോഴ്സ് പൂർത്തിയാക്കിയവരിൽ 75 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചിരിക്കണം.
www.dcescholarship.kerala.gov.in വഴിയാണ് അപേക്ഷ നൽകേണ്ടത്. ഡിഗ്രി സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയ അനുബന്ധ രേഖകൾ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. മാർച്ച്10 നു മുമ്പ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2306580