സ്വകാര്യതയ്ക്കു ഭീഷണിയുണ്ടാക്കുന്ന ഉപകരണങ്ങളുടെ വിൽപന; കർശന നിബന്ധനകൾ വന്നേക്കും.

സ്വകാര്യതയ്ക്കു ഭീഷണിയുണ്ടാക്കുന്ന ഒളിക്യാമറ കണ്ണടകൾ അടക്കമുള്ള ഉപകരണങ്ങളുടെ വിൽപനയ്ക്ക് കെവൈസി (തിരിച്ചറിയൽ) നടപടിക്രമം അടക്കമുള്ള കർശന നിബന്ധനകൾ വന്നേക്കും. നിലവിലുള്ള ഐടി നിയമത്തിനു പകരമായി കൊണ്ടുവരുന്ന ഡിജിറ്റൽ ഇന്ത്യ ബില്ലിൽ ഇതുസംബന്ധിച്ച വ്യവസ്ഥ ഉണ്ടാകുമെന്ന് ഇതു സംബന്ധിച്ച യോഗത്തിൽ കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ സൂചന നൽകി. 2000ലെ ഐടി നിയമമാണ് നിലവിലുള്ളത്.

22 വർഷം പഴക്കമുള്ള നിയമം ഇന്റർനെറ്റിന്റെ പുതിയ കാല വെല്ലുവിളികളെ നേരിടാൻ പര്യാപ്തമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ നിയമം. വാർത്താ മാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ അതു തയാറാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്ക് ന്യായമായ പ്രതിഫലം നൽകണമെന്ന വ്യവസ്ഥയും ബില്ലിൽ ഉണ്ടാകും. വിപണിയിൽ ടെക് കമ്പനികൾ ആധിപത്യമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കാനും ചട്ടങ്ങളുണ്ടാകും

പൗരന്മാർക്ക് ഭീഷണിയുണ്ടാക്കുന്ന ‘ഹൈ റിസ്ക്’ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾക്കും നിയന്ത്രണങ്ങൾ വന്നേക്കും. സമൂഹമാധ്യമങ്ങളുടെ അൽഗോരിതം (കംപ്യൂട്ടർ പ്രോഗ്രാം), എഐ ഉപയോഗിച്ച് ഉപയോക്താവിലേക്കു പരസ്യങ്ങൾ നൽകുന്ന രീതിയുൾപ്പെടെ പരിശോധനയ്ക്ക് വിധേയമാകാം. ആസക്തിയുണ്ടാക്കുന്ന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന് 18 വയസ്സിനു താഴെയുള്ളവർക്ക് നിയന്ത്രണമുണ്ടാകും.

കുട്ടികളുടെ ഡിജിറ്റൽ ഡേറ്റയുപയോഗിച്ച് അവരിലേക്ക് പരസ്യങ്ങളും മറ്റും എത്തിക്കാനും പ്ലാറ്റ്ഫോമുകൾക്ക് അനുമതിയുണ്ടാകില്ല. ഉള്ളടക്കത്തിന്റെ പേരിൽ പ്ലാറ്റ്ഫോമുകൾ പ്രതിയാകുന്ന അവസ്ഥ ഒഴിവാക്കാനാണ് ഐടി നിയമത്തിലെ 79–ാം വകുപ്പ് അനുസരിച്ച് ഫെയ്സ്ബുക് പോലെയുള്ള കമ്പനികൾക്ക് സേഫ് ഹാർബർ പരിരക്ഷ ലഭിക്കുന്നത്. 

പരിധിയിൽ വരുന്ന മറ്റ് കാര്യങ്ങൾ

∙ ഡിജിറ്റൽ പിന്തുടർച്ചാവകാശം: ഒരാളുടെ ഡിജിറ്റൽ ഡേറ്റ അയാളുടെ മരണശേഷം മറ്റൊരാൾക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട അവകാശം.

∙ മറയ്ക്കപ്പെടാനുള്ള അവകാശം: വ്യക്തികൾക്ക് തങ്ങളുമായി ബന്ധപ്പെട്ട് ഇന്റർനെറ്റിലുള്ള വിവരങ്ങൾ നീക്കം ചെയ്യാനും തിരുത്താനുമുള്ള അവകാശം.

∙ സൈബർ ബുള്ളിയിങ് അടക്കമുള്ള അതിക്രമങ്ങൾ നേരിടാനുള്ള വ്യവസ്ഥകൾ

∙ വ്യാജവാർത്തകൾക്കു മേലുള്ള നിയന്ത്രണം

Leave a Reply

Your email address will not be published. Required fields are marked *