തിരുവല്ല ട്രാവൻകൂർ ഷുഗർ മില്ലിൽ ജവാൻ മദ്യം നിർമ്മിക്കാൻ കൊണ്ട് വന്ന സ്പിരിറ്റിൻറ മറവിൽ വീണ്ടും തട്ടിപ്പ് നടത്തുന്നതായി സംശയം. മധ്യപ്രദേശിൽ നിന്നും തിരുവല്ലയിൽ കൊണ്ടുവന്ന 35,000 ലിറ്റർ സ്പിരിറ്റ് എക്സൈസ് തടഞ്ഞുവച്ചു. വ്യാജരേഖകളുടെ മറവിൽ സ്പിരിറ്റ് കടത്തുന്നുവെന്ന സംശയത്തെ തുടർന്ന് എക്സൈസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.
ഉത്തരേന്ത്യയിൽ നിന്നും കൊണ്ടുവരുന്ന സ്പിരിറ്റ് ചോർത്തി വിറ്റതിലൂടെ കോടികളുടെ തട്ടിപ്പാണ് എക്സൈസ് രണ്ടു വർഷം മുമ്പ് കണ്ടെത്തിയത്. പിന്നാലെ തിരുവല്ല ഷുഗർമിലേക്ക് ജവാൻ മദ്യം ഉൽപ്പാദിപ്പിക്കാൻ സ്പിരിറ്റ് കൊണ്ടുവരുന്നതിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാലിപ്പോൾ തട്ടിപ്പിന് പുതിയ വഴി കണ്ടെത്തിയതെന്നാണ് സംശയം. മധ്യപ്രദേശിൽ നിന്നും കഴിഞ്ഞ ദിവസം തിരുവല്ലയിൽ കൊണ്ടുവന്ന സ്പരിറ്റിൽ 67.5 ശതമാനം ആൽക്കഹോൾ അംശമുണ്ടെന്നാണ് ടാങ്കർ ലോറിയിൽ കമ്പനി നൽകിയിട്ടുള്ള രേഖ.
തിരുവല്ല ഷുഗർമില്ലിലെത്തിയ സ്പിരിറ്റിൽ നിന്നും സാമ്പിൾ ശേഖരിച്ച് എക്സൈസ് ലാബിൽ പരിശോധന നടത്തിപ്പോൾ ഈഥൈൻ ആൽക്കഹോളിൻറെ അളവ് 96.49 ശതമാനം. ഇവിടെയാണ് എക്സൈസിന് സംശയം. 90 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ അംശമുള്ള സ്പരിറ്റിന് വില കൂടുതലാണ്. പിന്നയെന്തിനാണ് കമ്പനി 67.5 ശതമാനമെന്ന് രേഖപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകിയത് എന്നാണ് സംശയം. മധ്യപ്രദേശിലെ കമ്പനിയിൽ നിന്നും വീര്യം കൂടിയ സ്പിരിറ്റ് ടാങ്കറിൽ കയറ്റി പകുതിവഴി വച്ച് ചോർത്തി ശേഷം വെള്ളം ചേർക്കാറുണ്ടെന്നാണ് എക്സൈസിൻെറ പ്രാഥമിക നിഗമനം. തിരുവല്ലയിലെത്തുമ്പോൾ ആൽക്കഹോൾ അംശം 90 ശതമാനത്തിൽ നിന്നും 60ലേക്ക് മാറും.
ഉത്തരേന്ത്യയിലെ സ്പിരിറ്റ് ലോബിയും കരാറുകാരും തമ്മിലുള്ള ഇടപാടെന്നാണ് സംശയം. എന്നാൽ കഴിഞ്ഞ ദിവസം ചോർത്തലും വെള്ളം ചേർക്കലും നടന്നില്ല. വെള്ളം ചേർക്കാത്ത സ്പിരിറ്റ് നേരിട്ട് ലോറി ഡ്രൈവർ തിരുവല്ല ഷുഗർ ഫാക്ടറിയിൽ എത്തിച്ചു. 60 ശതമാനം മുതൽ 75 ശതമാനം വരെ ആൽക്കോൾ അംശമുള്ള റെക്ടഫൈഡ് സ്പിരിറ്റ് എത്തിക്കാനാണ് കരാർ നൽകിയിരിക്കുന്നത്. അങ്ങനെയുള്ളപ്പോൾ 90 ശതമാനത്തിലധികം വരുന്ന സ്പരിറ്റ് എന്തിനെ എത്തിച്ചുവെന്നതും സംശയകരം. സ്പിരിറ്റ് വിതരണം ഏറ്റെടുത്ത കരാറുകാരനോട് രേഖകളെല്ലാം ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അന്വേഷണം കഴിഞ്ഞശേഷമേ സ്പിരിറ്റ് വിട്ടു നൽകായൂള്ളൂയെന്ന് എക്സൈസ്സ് കമ്മീഷണർ പറഞ്ഞു.