രാജ്യാന്തര വനിതാദിനത്തില്‍ വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനമേകുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ വനിതാ സംരംഭക സംഗമം. ‘വി മിഷന്‍ കേരള’ വായ്പ 50 ലക്ഷമായി ഉയര്‍ത്തുകയും വനിതാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് അഞ്ചു ലക്ഷം വീതം അനുവദിക്കുന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് നിയമ-വ്യവസായ-കയര്‍ മന്ത്രി പി.രാജീവ് നടത്തിയത്.
വനിതാ സംരംഭകര്‍ക്കായി കെഎസ്ഐഡിസി നല്‍കുന്ന ‘വി മിഷന്‍ കേരള’ വായ്പ 50 ലക്ഷമാക്കി ഉയര്‍ത്തുമെന്ന് മന്ത്രി പറഞ്ഞു. നേരത്തെ ഇത് 25 ലക്ഷമായിരുന്നു. അഞ്ചു ശതമാനമാണ് പലിശ. മൊറട്ടോറിയം ആറു മാസത്തില്‍നിന്ന് ഒരു വര്‍ഷമായി ഉയര്‍ത്തും. വനിതാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിനായി അഞ്ചു ലക്ഷം നല്‍കും. ഇത് തിരിച്ചടയ്‌ക്കേണ്ട. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുന്ന സഹകരണ സംഘങ്ങള്‍ക്കും നിലവില്‍ പ്രവര്‍ത്തനം നിലച്ചവയുടെ ആധുനികവത്കരണം, വിപുലീകരണം എന്നിവയ്ക്കും ഈ ഗ്രാന്റ് ലഭിക്കും. ബാങ്കുകളില്‍നിന്ന് വായ്പ ലഭിക്കാനും പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാനും വ്യവസായ വകുപ്പ് സഹായിക്കും. കോഴിക്കോട്ടെ ഇന്‍കുബേഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ വനിതാ സംരംഭകര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ 50 ശതമാനം വാടകയിളവും മന്ത്രി പ്രഖ്യാപിച്ചു.
വനിതാ സംരംഭകരെ സൃഷ്ടിക്കുന്നതില്‍ പ്രധാനം, മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയുമാണെന്ന് വ്യവസായ വകുപ്പ്-നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല അഭിപ്രായപ്പെട്ടു. മികച്ച വനിതാ സംരംഭകര്‍ക്ക് ജില്ല, സംസ്ഥാന തലങ്ങളില്‍ പുരസ്‌കാരം നല്‍കുമെന്നും ഇത് മേയ് മാസത്തില്‍ പ്രഖ്യാപിക്കുമെന്നും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ പ്രഖ്യാപിച്ചു.