കണ്‍കറന്റ് ലിസ്റ്റിൽ നിയമനിർമാണത്തിനു കേന്ദ്രാനുമതി ഒഴിവാക്കാൻ സർക്കാർ.

സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമനിർമാണത്തിന് അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ നിയമനിർമാണത്തിനു കേന്ദ്രത്തിന്റെ അനുമതി ഒഴിവാക്കാൻ സർക്കാർ. ഇതിനായി റൂൾസ് ഓഫ് ബിസിനസിലെ 49 (2) ചട്ടം ഒഴിവാക്കാൻ ഗവർണറുടെ അനുമതി തേടി. ഗവർണറുടെ അനുമതി ലഭിച്ചാൽ കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെ നിയമം പാസാക്കാൻ കഴിയും.

സമവർത്തിപ്പട്ടികയിൽ വരുന്ന വിഷയങ്ങളിൽ സംസ്ഥാനം നിയമം നിർമിക്കുന്നതിനു മുന്നോടിയായി ബന്ധപ്പെട്ട കേന്ദ്രവകുപ്പിന്റെ അനുമതി തേടണമെന്നാണ് റൂൾസ് ഓഫ് ബിസിനസിൽ പറയുന്നത്. അടിയന്തര വിഷയങ്ങളിൽ നിയമനിർമാണം നടത്താൻ കേന്ദ്രവുമായി കൂടിയാലോചിക്കേണ്ടതില്ലെന്ന് 2010ൽ കേന്ദ്രം കത്തു നൽകിയിരുന്നു. എന്നാൽ, ഇതുവരെ ചട്ടത്തിൽ മാറ്റം വരുത്തിയിരുന്നില്ല. ചട്ടം മാറ്റാൻ നിയമസഭയിലെ റൂൾ കമ്മിറ്റിയുടെ അനുമതി മതിയാകും

കേന്ദ്രത്തിൽ നിയമം ഉണ്ടായിരിക്കെ, സമാന വിഷയത്തിൽ സംസ്ഥാനം നിയമനിർമാണം നടത്തിയാൽ പൊരുത്തക്കേടുകൾക്കു സാധ്യതയുണ്ട്. സൂക്ഷ്മപരിശോധനയിലൂടെ ഇതു മറികടക്കാനാകുമെന്ന് അധികൃതർ പറയുന്നു. ബിൽ നിയമസഭ പാസാക്കിയാൽ അനുമതി നൽകേണ്ടത് ഗവർണറാണ്. സർക്കാർ റൂൾസ് ഓഫ് ബിസിനസിലെ ചട്ടത്തിൽ ഭേദഗതി വരുത്തിയാലും നിയമനിർമാണം സുഗമമായി നടക്കാൻ ഗവർണറുടെ നിലപാടും അനുകൂലമാകണം.

Leave a Reply

Your email address will not be published. Required fields are marked *