സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ തുടക്കമാകും. 4 ലക്ഷത്തി 19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ പൂർണ്ണമായ പാഠഭാഗങ്ങളിൽ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടാകും. കത്തുന്ന വേനൽ കണക്കിലെടുത്ത് എസ്എസ്എൽസി പരീക്ഷകൾ രാവിലെ 9.30 മുതലാണ്.
2021 ലും 22 ലും കോവിഡ് ഭീതിക്കിടെയായിരുന്നു എസ്എസ്എൽസി പരീക്ഷ. പാഠഭാഗങ്ങൾ തീരാത്തതിനാൽ ഫോക്കസ് ഏരിയ വെച്ചായിരുന്നു അന്നത്തെ പരീക്ഷ. ഇത്തവണ അത് മാറി പഴയപോലെ പാഠഭാഗങ്ങൾ മുഴുവനും അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ. 29 വരെയാണ് എസ്എസ്എൽസി പരീക്ഷ. എസ് എസ്എൽസി പരീക്ഷ എഴുതുന്നതിൽ 57.20 ശതമാനവും ഇംഗ്ളീഷ് മീഡിയം വിദ്യാർത്ഥികളാണ്.ഏപ്രിൽ 3 മുതൽ SSLC മൂല്യനിർണ്ണയും തുടങ്ങും. മെയ് രണ്ടാം വാരം എസ്എസ്എൽസി ഫലം പ്രഖ്യാപിക്കും.