ഡിജിറ്റൽ (ഇ-രൂപ) രൂപ വരുമ്പോൾ  

 ഇടപാടുകൾക്കായി ഇന്ത്യയുടെ ‘ ഇ-രൂപ ‘ഒരുക്കാനുള്ള പ്രവർത്തനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടങ്ങിക്കഴിഞ്ഞു. ഇതിൻറെ രൂപരേഖ പുറത്തുവിട്ട് ഇന്ത്യയുടെ തന്നത് ഡിജിറ്റൽ കറൻസിയോടുള്ള നയം ആർബിഐ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇ-രൂപയുടെ ഘടന?

  ഇ-റുപ്പീ അല്ലെങ്കിൽ ഡിജിറ്റൽ രൂപ ഇന്ന് നിലവിലുള്ള കറൻസി നോട്ടുകൾ കൂടാതെയുള്ള ഒരു  വിനിമയ മാർഗ്ഗം ആയിരിക്കും. അതായത് ഇപ്പോഴുള്ള കറൻസി നോട്ടുകൾക്ക് പകരമാവില്ല. ഇതിന് ഇന്നുള്ള കറൻസി നോട്ടുകളുടെ സ്വഭാവം തന്നെയായിരിക്കും. പക്ഷേ, ഡിജിറ്റൽ രൂപത്തിൽ ആകുന്നത് കൊണ്ട് ധനകാര്യ ഇടപാടുകൾ കൂടുതൽ സുഗമവും വേഗമുള്ളതുമാകും. നോട്ട് അടിക്കാൻ ഉപയോഗിക്കുന്ന സെക്യൂരിറ്റി പേപ്പർ ആർബിഐക്ക്/സമ്പദ്ഘടനയ്ക്ക് ലാഭിക്കുകയും ചെയ്യാം. ഇ-രൂപ നിലവിലുള്ള പേപ്പർ കറൻസിയുടെ എല്ലാതരത്തിലും സാദൃശ്യമുള്ള ഡിജിറ്റൽ കറൻസി ആയിരിക്കും. ഒരു തരത്തിൽ പറഞ്ഞാൽ, നമ്മുടെ ഇപ്പോഴത്തെ ‘ ഹാർഡ് ‘ കോപ്പിയും ‘ സോഫ്റ്റ് ‘ കോപ്പിയും തമ്മിലുള്ള വ്യത്യാസം പോലെ. ഡിജിറ്റൽ കറൻസി ആയതുകൊണ്ട് മൂല്യം സംരക്ഷിക്കാനുള്ള തനതായ കോഡോ മറ്റ് മാർഗ്ഗരേഖകളോ കൂടി ഉണ്ടാകും.  കള്ളനോട്ട് പോലെ ഡിജിറ്റൽ ലോകത്തും വ്യാജന്മാർ എത്താതിരിക്കാനുള്ള സുരക്ഷാക്രമീകരണങ്ങൾ ഉണ്ടാവും.

* ആരാണ് ഈ ഡിജിറ്റൽ കറൻസി ഇറക്കുക?

 കറൻസി ഇറക്കുവാനുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ആർബിഐ തന്നെയായിരിക്കും ഇ-രൂപയുടെയും ഉപജ്ഞാതാക്കൾ. അതുകൊണ്ട് തന്നെ ഒരു കറൻസിക്ക് വേണ്ടുന്ന 3 സ്വഭാവങ്ങളും ഇതിനും ഉണ്ടാകും. ധനകാര്യ വിനിമയത്തിനുള്ള ഉപാധി, ഇടപാടുകൾക്കുള്ള കണക്കിന് ആധാരം, നിർണയിക്കപ്പെട്ട മൂല്യത്തിൻ്റെ കലവറ. പേപ്പർ കറൻസി ഇറക്കുമ്പോൾ അത് റിസർവ് ബാങ്കിൻറെ ‘ബാധ്യതയും ‘ (ലയബിലിറ്റി), കൈവശമുള്ള ആളിൻ്റെ/സ്ഥാപനത്തിൻറെ ‘ആസ്തിയും ‘ (അസെറ്റ്) ആവുന്നു. അത് തന്നെയാകും ഈ ഡിജിറ്റൽ കറൻസിയിലും.

എത്രതരം ഇ- രൂപ?

 ഇപ്പോഴത്തെ ആശയമനുസരിച്ച് രണ്ടുതരം ഡിജിറ്റൽ കറൻസികളാകാം ഇന്ത്യയിൽ വരിക.  മൊത്തക്കച്ചവടങ്ങൾക്കായിട്ടുള്ള  ഇ-രൂപയും (ഹോൾസയിൽ) സാധാരണ ഇടപാടുകൾക്കുള്ളവയും (ഇ-രൂപ റീട്ടെയ്ൽ). ആദ്യത്തേത് ബാങ്കുകൾ തമ്മിലുള്ള ഇടപാടുകൾക്കും ബാങ്കുകളും റിസർവ് ബാങ്കും തമ്മിലുള്ള വിനിമയത്തിനും സർകാർ കടപ്പത്രങ്ങൾക്ക്  ബാങ്കുകൾ നൽകേണ്ട കാശിനു പകരവും ഒക്കെയാകും ഉപയോഗിക്കാൻ സാധ്യത. രണ്ടാമത്തെ വിഭാഗം സാധാരണ വിപണിയിലോ  വ്യക്തികൾ തമ്മിലോ ഉള്ള ഇടപാടുകൾക്ക് വേണ്ടിയാകും. ഇ-രൂപ റീട്ടെയ്ൽ എന്ന കറൻസി ഇപ്പോൾ നാം ഉപയോഗിക്കുന്ന കാശിൻ്റെ ഒരു ഇലക്ട്രോണിക് രൂപം ആകും.

ഇ-രൂപയുടെ സുരക്ഷാ/ഉടമസ്ഥാവകാശം?

 കേന്ദ്ര ബാങ്കുകളുടെ ഡിജിറ്റൽ കറൻസികൾ ഒന്നുകിൽ ഒരു ടോക്കണിൻ്റെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ അവയെല്ലാം കൂടി സ്വരൂപിക്കുന്ന ഒരു അക്കൗണ്ട് മുഖേനയോ നിയന്ത്രിക്കാം. ഓരോ ഡിജിറ്റൽ ഇ-രൂപ കറൻസിക്കും ഇപ്പോഴുള്ള പേപ്പർ കറൻസിയുടെ നമ്പർ പോലെ ഒരു ഇലക്ട്രോണിക് ടോക്കൺ ഉണ്ടാകാം. അത് ആരുടെ കൈവശമാണോ ഉള്ളത് അവർക്കായിരിക്കും അതിൻറെ ഉടമസ്ഥാവകാശം. (ടോക്കൺ എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് ഇലക്ട്രോണിക് സോഫ്റ്റ്‌വെയറിലൂടെ കൊടുക്കാൻ ഉദ്ദേശിക്കുന്ന സുരക്ഷാ സംവിധാനത്തിനാണ്.

       അക്കൗണ്ട് വഴിയാണ് ഇവ നിയന്ത്രിക്കുന്നതെങ്കിൽ ഒരു ബാങ്കോ അല്ലെങ്കിൽ മറ്റേതെങ്കിലും മധ്യസ്ഥ സ്ഥാപനമോ വേണ്ടിവരും. ഇതിൽ ഏതായിരിക്കും റിസർബാങ്ക് അന്തിമമായി തീരുമാനിക്കുക എന്നത് പറയാറായിട്ടില്ല.

  ക്രിപ്റ്റോകളുടെ ഭാവി?

 ഇപ്പോഴത്തെ ക്രിപ്റ്റോ കറൻസികൾ നമ്മുടെ സമ്പദ്ഘടനയെ അസ്ഥിരപ്പെടുത്തുന്നവയാണെന്ന് അസന്ദിഗ്ധമായി തന്നെ റിസർവ് ബാങ്ക് പറഞ്ഞുകഴിഞ്ഞു. കേന്ദ്ര ബാങ്ക് ഡിജിറ്റൽ കറൻസി വരുന്നതോടെ ഇക്കാര്യത്തിൽ നിലപാട് കൂടുതൽ ശക്തമാകും.

Leave a Reply

Your email address will not be published. Required fields are marked *