ഒരു പ്രാവശ്യം ഇടപാടുകാർ അവരുടെ ആധാർ, പാൻ കാർഡ്, ജിഎസ്ടിഎൻ നമ്പർ മുതലായ രേഖകൾ ഒരു ബാങ്കിൽ/ധനകാര്യ സ്ഥാപനത്തിൽ കൊടുത്താൽ വീണ്ടും അവ സമർപ്പിക്കാതെ തന്നെ മറ്റേതു ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായോ വായ്പയ്ക്കോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഇടപാടിനോ, അക്കൗണ്ടുകൾ തുറക്കുന്നതടക്കമുള്ള ഇടപാടുകൾ നടത്താനുതകുന്ന ഘടനയാണ് ‘ഓപ്പൺ ബാങ്കിങ്’
ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലെ ഒരു പ്രധാനപ്പെട്ട പ്രഖ്യാപനം ദേശീയ ധനകാര്യ വിവര റജിസ്റ്ററിയുടെ രൂപീകരണത്തെ കുറിച്ചായിരുന്നു.ധനകാര്യ ഇടപാടുകളെ കുറിച്ചുള്ള ‘ഡേറ്റ’ ഇപ്പോൾ വിഭജിക്കപ്പെട്ടാണ് കിടക്കുന്നത്. ഉപയോക്താക്കളുടെ സമ്മതത്തോടെ അത് ഏകീകരിച്ചെടുത്താൽ ഈ ഡേറ്റയുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമാവും.
രാജ്യാന്തര ബാങ്കിങ് മേഖലയിൽ ‘ഓപ്പൺ ബാങ്കിങ്’ എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലേക്ക് രാജ്യം അതിവേഗം തന്നെ സജ്ജമാകും എന്നതിന്റെ സൂചനയാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ പ്രസ്താവന. റിസർവ് ബാങ്ക് ഇതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ അക്കൗണ്ട് അഗ്രഗേറ്ററിന് ഈ ഡേറ്റ കൈമാറും. ഈ വിവരം സൂക്ഷിക്കുക എന്നല്ലാതെ മറ്റൊരു ധനകാര്യ ഇടപാടുകളും (നിക്ഷേപം സ്വീകരിക്കൽ, വായ്പ കൊടുക്കൽ പോലുള്ള) നടത്തുവാൻ അക്കൗണ്ട് അഗ്രഗേറ്റർക്ക് അധികാരമില്ല. ഈ ‘ഡേറ്റ’ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങൾക്ക് ഇടപാടുകാരുടെ സമ്മതത്തോടെ മാത്രം കൈമാറും. ഇടപാടുകാർ, വിവര ദാതാക്കൾ, അഗ്രഗേറ്റർ, വിവര ഉപയോക്താക്കൾ എന്നിങ്ങനെ പൊതുവെ നാല് പങ്കാളികളാണ് ഈ പദ്ധതിയിൽ ഉണ്ടാവുക.
ഓപ്പൺ ബാങ്കിങ്ങിന്റെ വരവോടെ, ഒരു ബാങ്കിൽ നിന്ന് അക്കൗണ്ട് വേറൊരു ബാങ്കിലേക്ക് മാറ്റാൻ സാധിക്കും . ഒരു പക്ഷേ അതേ അക്കൗണ്ട് നമ്പർ നിലനിർത്താൻ സാധിച്ചില്ല എന്നു വന്നേയ്ക്കാം. ചെറുകിട യൂണിറ്റുകൾക്ക് ബാങ്ക്/ധനകാര്യ സ്ഥാപനങ്ങളുടെ വായ്പ എന്നിവ വേണ്ടിവരുമ്പോൾ ഇപ്പോൾ അവർക്കുള്ള ഇടപാടുകളുടെ വിവരം ഒറ്റയടിക്ക് വായ്പാ ദാതാക്കൾക്ക് പരിശോധിക്കാൻ സാധിക്കും.