സവാള വില ഇടിഞ്ഞതോടെ പ്രതിസന്ധിയിലായി കർഷകർ. വിളവെടുപ്പ് കൂലി പോലും ഉള്ളി വിറ്റാൽ ലഭിക്കാതായതോടെ പലരും കൃഷി ഉപേക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം ഉള്ളിക്ക് തുച്ഛമായ വില മാത്രമാണ് ലഭിക്കുന്നതെന്ന കാരണത്താൽ ഒന്നരയേക്കർ ഉള്ളി പാടം കർഷകൻ തീയിട്ട് നശിപ്പിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. കിലോയ്ക്ക് രണ്ടു രൂപ മുതൽ നാലുരൂപ വരെ മാത്രമേ കർഷകന് ലഭിക്കുന്നുള്ളൂ. കൃഷ്ണ ഡോംഗ്രേ എന്ന കർഷകനാണ് ഉള്ളിപ്പാടം കത്തിച്ചത്. പ്രതിഷേധമായി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ചോര കൊണ്ട് എഴുതിയ കത്തയച്ചതായും ഇദ്ദേഹം പറഞ്ഞു.
കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളാണ് ഉള്ളിവിലയിടിവിന് കാരണമെന്നും കർഷകൻ ആരോപിച്ചു. നാലുമാസം മുമ്പ് ഒന്നരലക്ഷത്തിലേറെ രൂപ മുടക്കിയാണ് കൃഷി ചെയ്തത്. വിളവെടുത്ത് മാർക്കറ്റിലേക്കെത്തിക്കാൻ 30000 രൂപ വേറെ ചെലവ് വരും. എന്നാൽ ഇത്രയും സ്ഥലത്തെ ഉള്ളി വിറ്റാൽ ആകെ 25000 രൂപ കിട്ടും. പിന്നെന്തിന് വിൽക്കണമെന്നും കർഷകൻ ചോദിച്ചു. ഉള്ളിപ്പാടം കത്തിക്കുന്നതു കാണാൻ വരണമെന്നു ക്ഷണിച്ചാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്
കഴിഞ്ഞയാഴ്ച കർഷകൻ 20 ടൺ ഉള്ളികൃഷി നശിപ്പിച്ചിരുന്നു.നാസിക്കിലെ നൈതാലെ ഗ്രാമത്തിലെ കർഷകനായ 33കാരൻ സുനിൽ ബൊർഗുഡെ വിളവെടുക്കാൻ പാകമായ 20 ടൺ ഉള്ളികൃഷി യന്ത്രമുപയോഗിച്ച് നശിപ്പിച്ചത്. കൃഷിച്ചെലവും കുടുംബത്തിന്റെ മൂന്നുമാസത്തെ കൃഷിപ്പണിയുടെ അധ്വാനവും പാഴായെന്നും ഉള്ളി വിറ്റാൽ കൂലി പോലും കിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു. കൃഷിയിറക്കാനായി ഏകദേശം 1.5 ലക്ഷം രൂപ ചെലവഴിച്ചു. എന്നാൽ വിളവെടുപ്പ് സമയമായപ്പോൾ ഉള്ളിയുടെ വിപണി വില ക്വിന്റലിന് 550 രൂപയായി കുറഞ്ഞു. ഞങ്ങളുടെ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ലഭിക്കുന്ന വരുമാനം തുച്ഛമാണ്. വിള നശിപ്പിക്കുക മാത്രമായിരുന്നു മുന്നിലുള്ള പോംവഴി.
2022 ഡിസംബർ മുതൽ വിത്തിനും മറ്റുമായി 1.5 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിളവെടുപ്പിന് 30,000 രൂപ ചെലവ് വരുമെന്നും കർഷകൻ പറഞ്ഞു. 13 ട്രാക്ടർ ട്രോളികൾ വാടകക്കെടുക്കണം. ഓരോന്നിനും 15 ക്വിന്റൽ ഉള്ളി കൊണ്ടുപോകാനേ സാധിക്കൂ. ഇതിന് രണ്ട് ലക്ഷം രൂപ ചെലവാകും. കമ്മീഷനും തൊഴിലാളികൾക്കുള്ള കൂലിക്കുമായി 7,000 രൂപ കൂടി നൽകണം. മാർക്കറ്റ് വില കണക്കിലെടുക്കുമ്പോൾ, ഉള്ളിക്ക് 80,000 രൂപ മാത്രമാണ് ലഭിക്കുക. എന്നാൽ, രണ്ട് ലക്ഷം രൂപ ചെലവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ പരിശോധിക്കാൻ സർക്കാരിന് സമയമില്ലെന്നും കർഷകൻ പറഞ്ഞു