അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. പാർക്കിൽ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിൽവർ സ്റ്റോം താൽക്കാലികമായി അടച്ചുപൂട്ടാൻ മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയത്.
എറണാകുളത്ത് നിന്ന് വിനോദയാത്രയ്ക്കെത്തിയ രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അതിരപ്പിള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു. തൃശ്ശൂർ ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വാട്ടർ തീം പാർക്കിലെ വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യ വിഭാഗം ശേഖരിച്ചു. പനി ബാധിക്കാൻ ഇടയായ സാഹചര്യമാണ് പരിശോധിക്കുന്നത്.
പതിനേഴാം തീയതിക്ക് ശേഷം അതിരപ്പിള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് സന്ദർശിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.