ഒരേ സ്വഭാവമുള്ള വാട്സാപ് ഗ്രൂപ്പുകൾ ഒരുമിപ്പിച്ച് 5,000 പേർക്കു വരെ ഒരേ സമയം അറിയിപ്പ് നൽകാൻ കഴിയുന്ന ‘വാട്സാപ് കമ്യൂണിറ്റി’ എന്ന ഫീച്ചർ ഉടൻ ലഭ്യമാകും.
വ്യത്യസ്ത ഗ്രൂപ്പുകളുണ്ടെങ്കിൽ, ഇവയെല്ലാം കൂടി കമ്യൂണിറ്റി എന്ന പേരിൽ ഒരു കുടക്കീഴിലാക്കാം. 50 ഗ്രൂപ്പുകൾ വരെ ഒരു കമ്യൂണിറ്റിയിൽ ഉൾപ്പെടുത്താം. ഈ ഗ്രൂപ്പുകളിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ച് ലഭിക്കേണ്ടതായ സന്ദേശം അയയ്ക്കാൻ ഈ കമ്യൂണിറ്റിയിൽ അനൗൺസ്മെന്റ് ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പ് തനിയെ സൃഷ്ടിക്കപ്പെടും. നിലവിൽ അതത് ഗ്രൂപ്പിൽ മാത്രമുള്ള സംഭാഷണം അങ്ങനെ തന്നെ തുടരാനുമാകും. വരും മാസങ്ങളിൽ ഈ സേവനം ലഭ്യമാകും.
പുതിയ ഫീച്ചറുകൾ
വിഡിയോ കോളിൽ 32 പേർ: 32 പേർക്കു വരെ വാട്സാപ് വിഡിയോ കോളിൽ ഇനി ഒരു സമയം പങ്കെടുക്കാം. സൂം,ഗൂഗിൾ മീറ്റ് എന്നിവയുടെ മാതൃകയിൽ വോയിസ്, വിഡിയോ കോളുകളുടെ ലിങ്ക് സുഹൃത്തുക്കൾക്ക് അയയ്ക്കാനുള്ള സംവിധാനം വാട്സാപിൽ ഇപ്പോൾ ലഭ്യമാണ്. 1024 പേരെ വരെ ഗ്രൂപ്പിൽ ഉൾപ്പെടുത്താം. കൂടാതെ ഗ്രൂപ്പുകളിലും കമ്യൂണിറ്റികളിലും അഭിപ്രായ വോട്ടെടുപ്പ് നടത്താനുള്ള പോൾ ഫീച്ചറും.