ഡാർക്ക് വെബിലൂടെ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് നിയമപരമല്ലത്ത ഇടപാടുകൾ കൂടുന്നു.

ഡാർക്ക് വെബിലൂടെ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് മയക്കുമരുന്ന് കൈമാറുന്നതും, മനുഷ്യക്കടത്തും മറ്റു നിയമപരമല്ലാത്ത ഇടപാടുകളും കൂടുന്നു. ആരാണ് വിൽക്കുന്നത് അല്ലെങ്കിൽ ആരാണ് വാങ്ങുന്നത് എന്നതിലെ രഹസ്യം കാത്തു സൂക്ഷിക്കാൻ സാധിക്കുന്നതിനാലാണ് ക്രിപ്റ്റോ കറൻസികളെ ഇത്തരം കാര്യങ്ങൾക്ക് ഡാർക്ക് വെബ് കൂട്ട് പിടിക്കുന്നത്.

നിയമപരമല്ലാത്ത ഇടപാടുകൾ സജീവമായി, സുഗമമായി നടത്തുന്നതിനാണ് വ്യക്തികളും, സ്ഥാപനങ്ങളും ഡാർക്ക് വെബ് ഉപയോഗിക്കുന്നത്. പരമ്പരാഗതമായ പണമിടപാടുകൾക്ക് ബദലായി ക്രിപ്റ്റോ കറൻസികൾ വന്നത് ഡാർക്ക് വെബിന്റെ കച്ചവട സാധ്യതകൾ വർധിപ്പിച്ചിരുന്നു. സേവനങ്ങൾ ഉപയോഗിക്കുമ്പോഴും, പണമിടപാടുകൾ നടത്തുമ്പോഴും അജ്ഞാതരായി തുടരാം എന്നുള്ള ഡാർക്ക് വെബിലെ  സൗകര്യങ്ങളെ  ക്രിപ്റ്റോ കറൻസികൾ കൂടുതൽ വളർത്തി. ഡാർക്ക് വെബിന്റെ ഈ രഹസ്യ സ്വഭാവം സർക്കാരുകൾക്ക് പോലും ഇപ്പോൾ തലവേദനയാണ്. രാജ്യാന്തര ഏജൻസികളുടെ ഡാർക്ക് വെബ് ഇടപാടുകളെ കുറിച്ചുള്ള അന്വേഷണങ്ങൾ പോലും എവിടെയും എത്തുന്നില്ല എന്ന റിപ്പോർട്ടുകളും ഉണ്ട്. ക്രിപ്‌റ്റോകറൻസികൾ നിയന്ത്രിക്കാനുള്ള  ഇന്ത്യയുടെ ശ്രമത്തിന് ശനിയാഴ്ച അന്താരാഷ്ട്ര നാണയ നിധിയുടെയും അമേരിക്കയുടെയും  പിന്തുണ ലഭിച്ചു.

ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസികൾ ഉയർത്തുന്ന പ്രശ്‌നങ്ങൾ നേരിടാൻ കൂട്ടായ ആഗോള ശ്രമം വേണമെന്ന് ഇന്ത്യ പറഞ്ഞു, ഒരു പൊതു ചട്ടക്കൂട് എങ്ങനെ കൊണ്ടുവരാമെന്ന് ചർച്ച ചെയ്യാൻ ജി 20 അംഗ രാജ്യങ്ങൾക്കായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ  സെമിനാറും നടന്നു. ബംഗളൂരുവിൽ നടക്കുന്ന ജി 20 മീറ്റിങിനിടെ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ ശക്തമായ നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കുന്നത് നിർണായകമാണെന്ന് പറഞ്ഞു, എന്നാൽ അമേരിക്ക പൂർണ്ണമായ നിരോധനങ്ങളൊന്നും നിർദ്ദേശിച്ചിട്ടില്ലെന്നും പറഞ്ഞു .ക്രിപ്റ്റോ കറൻസികളെ ഓരോ രാജ്യത്തിന്റെയും നിയമപരമായ കറൻസിയായ കണക്കാക്കരുതെന്നും, അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ളതിനും ഒൻപതിന മാർഗനിർദേശങ്ങൾ ഐ എം എഫ് അവതരിപ്പിച്ചു.മറ്റ് രാജ്യങ്ങളുടെയും, രാജ്യാന്തര ഏജൻസികളുടെയും പിന്തുണ ഇന്ത്യയുടെ നിലപാടിന് ലഭിക്കുന്നതിൽ ധനമന്ത്രി നിർമല സീതാറാം നന്ദി പറഞ്ഞു.“സെൻട്രൽ ബാങ്കിന് പുറത്തുള്ള ഒന്നും കറൻസിയല്ലെന്ന് ഏതാണ്ട് വ്യക്തമായ ധാരണയുണ്ട്. ഇത് വളരെക്കാലമായി ഇന്ത്യ സ്വീകരിക്കുന്ന ഒരു നിലപാടാണ്, ഇന്ത്യയുടെ അത്തരമൊരു നിലപാടിന് ഇപ്പോൾ നിരവധി അംഗങ്ങളിൽ നിന്ന് അംഗീകാരം ലഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്” എന്നും  ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *