ഹവാല ഇടപാട്; ജോയ് ആലുക്കാസ് ഗ്രൂപ്പില്‍നിന്ന് 305 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ഹവാല ഇടപാട് നടത്തിയെന്നാരോപിച്ച് കേരളം ആസ്ഥാനമായ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ഉടമ ജോയ് ആലുക്കാസ് വര്‍ഗീസില്‍ നിന്ന് 305 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി. ഹവാല ചാനലുകള്‍ വഴി ദുബായിലേക്ക് കമ്പനി പണം കെമാറ്റം ചെയ്തുവെന്ന ഫെമ കേസിലാണ് ഇ ഡി നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ഗ്രൂപ്പിന്റെ ഒന്നിലധികം സ്ഥലങ്ങളില്‍ ഫെബ്രുവരി 22 ന് അന്വേഷണ ഇ ഡി പരിശോധന നടത്തിയിരുന്നു. തൃശൂര്‍ ശോഭാസിറ്റിയിലെ വീടും ഭൂമിയും അടങ്ങുന്ന 33 സ്ഥാവര സ്വത്തുക്കളും (81.54 കോടി രൂപ വിലമതിക്കുന്ന) മൂന്ന് ബാങ്ക് അക്കൗണ്ടുകളും (91.22 ലക്ഷം രൂപ നിക്ഷേപമുള്ളത്), 5.58 കോടി രൂപയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങളും ഉള്‍പ്പെടെ ജോയ്ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ (217.81 കോടി രൂപ മൂല്യം) ഓഹരികളും കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നതായി ഇഡി പ്രസ്താവനയില്‍ പറഞ്ഞു. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ (ഫെമ) സെക്ഷന്‍ 37 എ പ്രകാരം കണ്ടുകെട്ടിയ ചെയ്തിരിക്കുന്ന ഈ ആസ്തികളുടെ ആകെ മൂല്യം 305.84 കോടി രൂപയാണെന്നും ഇ ഡി അറിയിച്ചു

ഫെഡറല്‍ അന്വേഷണ ഏജന്‍സി പറയുന്നതനുസരിച്ച് ‘ഹവാല വഴികള്‍ വഴി ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് വന്‍ തുക കൈമാറ്റം ചെയ്യപ്പെടുകയും തുടര്‍ന്ന് ജോയ് ആലുക്കാസ് വര്‍ഗീസിന്റെ 100 ശതമാനം ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എല്‍എല്‍സിയില്‍ നിക്ഷേപിക്കുകയും ചെയ്തുവെന്നാണ്” പരിശോധനക്കിടെ ശേഖരിച്ച ഔദ്യോഗിക രേഖകളും മെയിലുകളും ഹവാല ഇടപാടുകളില്‍ ജോയ് ആലുക്കാസിന്റെ സജീവ പങ്കാളിത്തം വ്യക്തമായി തെളിയിച്ചതായി ഇ ഡി പറയുന്നു. ദുബായിലെ ജോയ്ആലുക്കാസ് ജ്വല്ലറി എല്‍എല്‍സിയില്‍ നിക്ഷേപിച്ച ഫണ്ടിന്റെ ഗുണഭോക്താവ് വര്‍ഗീസാണെന്നും ഇ ഡി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *