നിക്ഷേപം ഒഴുകുന്ന പുത്തൻ ലോകം,മെറ്റാവേഴ്സിലെ ബിസിനസ് അവസരങ്ങൾ

എന്താണ്/ എന്തിനാണ് മെറ്റാവേഴ്‌സ്?

മെറ്റാവേഴ്‌സ് എന്നത് യഥാർത്ഥ ലോകത്ത് എന്തൊക്കെ നടക്കുന്നുവോ അതും അതിനപ്പുറവും നടത്താനാവും. ആളുകളുമായി സംവദിക്കാം, സ്ഥലം വാങ്ങാം, വീട് നിർമ്മിച്ചു നോക്കാം, വസ്ത്രം ധരിച്ചു നോക്കാം, എന്തിന് കല്യാണം തുടങ്ങി വലിയ ഇവെന്റുകൾ വരെ നടത്താമെന്ന് വ്യക്തമായിക്കഴിഞ്ഞു.
ഓഗ്മെന്റ് റിയാലിറ്റി(എആർ ), വെർച്വൽ റിയാലിറ്റി(വിആർ ), ബ്ലോക്ക് ചെയിൻ എന്നീ സാങ്കേതികവിദ്യകളെല്ലാം ഒന്നിച്ചൊരു ലോകം, അതാണ് മെറ്റാവേഴ്സ്.
3ഡി സോഫ്റ്റ്‌വെയറിന്റെ സഹായത്താൽ നിർമ്മിച്ച സ്ഥലങ്ങളിലേക്ക് (കെട്ടിടമാണ് ,സാങ്കല്പിക, സ്ഥലമാവാം, യഥാർത്ഥത്തിൽ ഉള്ളതിന്റെ വേർച്വൽ രൂപമാവാം) വിആർ ബോക്സിന്റെ സഹായത്തോടെ പ്രവേശിക്കാനും, അവിടെ പ്രവേശിച്ച മറ്റുള്ളവരോട് സംവദിക്കാനും ഇടപഴകാനും കഴിയുന്നു എന്നതാണ് മേറ്റാവേഴ്സ് ഒരുക്കുന്ന സൗകര്യം.

മെറ്റാവേഴ്സിലെ ബിസിനസ് അവസരങ്ങൾ

വെർച്വലായി ഒരു ലോകം സൃഷ്ടിക്കുക, അവിടേക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആളുകൾക്ക് പ്രവേശിക്കാനും സാധനങ്ങൾ വാങ്ങാനും വിൽക്കാനുമുള്ള സൗകര്യമുണ്ടാവുക എന്നാൽ, അവിടെ അവസരങ്ങളുടെ പല വാതിലുകൾ തുറക്കുന്നു എന്നാണ്. മെറ്റാവേഴ്സ് ലോകത്തെ ചില ബിസിനസ് അവസരങ്ങളെ പരിചയപ്പെടാം.

ഗെയിമിംഗ്

വെർച്വൽ ടെക്നോളജിയെ ഇരുകൈയും നീട്ടി ആദ്യമേ സ്വീകരിച്ചത് ഗെയിമിംഗ് മേഖലയാണ്. ലോക താരങ്ങൾക്കൊപ്പം കളിക്കാം, ഇഷ്ടപ്പെട്ട സ്റ്റേഡിയത്തിൽ പരിശീലനത്തിന് എത്താം, കളി കാണാനെത്താം എന്ന് തുടങ്ങി കളിച്ചു പണം നേടാമെന്നതും ഏറെ ആകർഷകമാക്കുന്നു.

റിയൽ എസ്റ്റേറ്റ് (Real estate)

മെറ്റാവേഴ്സ് ചൊവ്വ ഡിസൈൻ ചെയ്യാനായി 70,000 ഡോളറിന്റെ സമ്മാന തുകയാണ് നാസ പ്രഖ്യാപിച്ചത്. ചൊവ്വയിൽ നാസ കണ്ട കച്ചവട സാധ്യത പോലെ, മെറ്റാവേഴ്സ് ലോകത്തെ വമ്പൻ ബിസിനസാവാൻ പോകുന്ന മേഖലയാണ് റിയൽ എസ്റ്റേറ്റ്. വില്പനയും വാടകയ്ക്ക് കൊടുക്കലുമായി യഥാർത്ഥ ലോകത്തിനപ്പുറം ചലിക്കാൻ മെറ്റാവേഴ്സിലെ റിയൽഎസ്റ്റേറ്റ് മേഖലയ്ക്കാവുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. നാസക്ക് വേണമെങ്കിൽ മെറ്റാവേഴ്സ് ചൊവ്വയെ വിൽക്കുകയോ അവിടേക്ക് പ്രവേശിക്കാൻ ഫീസ് ഏർപ്പെടുത്തി പണമുണ്ടാക്കുകയോ ചെയ്യാം. ക്രിപ്റ്റോ കറൻസിയോ ഡിജിറ്റൽ കറൻസിയോ അല്ലെങ്കിൽ പുതുതായി ഉരുത്തിരിഞ്ഞു വരുന്ന മെച്ചപ്പെട്ട വിനിമയോപാധിയോ വച്ചായിരിക്കും മെറ്റാവേഴ്‌സിലെ ഇടപാടുകൾ.അങ്ങനെ മെറ്റാവേഴ്സ് ലോകത്തേക്ക് മാത്രമായി ഒരു സമ്പദ് വ്യവസ്ഥ ഉണ്ടായിവരുമെന്നും ടെക്ക് വിദഗ്ധർ വിലയിരുത്തുന്നു.
SuperWorld എന്ന വെർച്വൽ ലാൻഡ് മാർക്കറ്റ്പ്ലേസിൽ വമ്പൻ വിൽപ്പനയാണ് ഈയിടെ നടന്നത്. ഈഫൽ ടവർ 100 എഥറിയത്തിനും താജ്മഹൽ 50 എഥറിയത്തിനുമാണ് വിറ്റു പോയത്. വാങ്ങിയ ആൾക്ക് ഇത് വീണ്ടും വിൽക്കാൻ വെക്കുകയോ, അവിടേക്ക് എത്തുന്ന ആളുകളിൽനിന്ന് വിവിധ ആക്ടിവിറ്റികളിലൂടെ പണമുണ്ടാക്കുകയോ ചെയ്യാം.
ഇതൊക്കെ നമ്മുടെ ബിസിനസുകളിലും മെറ്റാവേഴ്സിനോരിടം വൈകാതെ വേണ്ടിവരും.

വിദ്യാഭ്യാസം ( Education)

ചരിത്രവും ഭൂമിശാസ്ത്രവും ബയോളജിയും എല്ലാം അനുഭവിച്ചറിഞ്ഞ് പഠിക്കാനാവുന്ന വിധത്തിലാണ് വിവിധ Edu.Tech കമ്പനികൾ മെറ്റാവേഴ്സ് ക്ലാസുകൾ ഒരുക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള പ്രൊഫസർമാരുമായും ശാസ്ത്രജ്ഞന്മാരുമായും സംസാരിക്കാനും യൂണിവേഴ്സിറ്റികളെ തമ്മിൽ ബന്ധിപ്പിക്കാനും കഴിയുന്നതോടെ മെറ്റാവേഴ്സിന്റെ അനന്തസാധ്യതകളാണ് തുറക്കാൻ പോകുന്നത്.

ഫാഷൻ ഡിസൈനിംഗ് (Fashion Designing)

വാങ്ങുന്ന സാധനങ്ങൾ ശരീരത്തിന് ചേരുന്നതാണോ എന്ന് ധരിച്ചു നോക്കി മനസ്സിലാക്കാനും ആഭരണങ്ങളും കോസ്റ്റ്മെറ്റിക്സുകളും വെർച്വൽ ട്രയൽ ഔട്ട് ചെയ്യാനും മെറ്റാവേഴ്സിൽ സൗകര്യമൊരുങ്ങും. ഇതുകൂടാതെ ഫാഷൻ ഇവെന്റുകൾ, അന്താരാഷ്ട്ര എക്സോപോ തുടങ്ങി വിൽക്കാനും വാങ്ങാനും പ്രദർശിപ്പിക്കാനുമുള്ള ഒരു വലിയ ലോകം തന്നെയാണ് വരാൻ പോകുന്നത്.

നിർമ്മാണം

നിർമിക്കേണ്ട സ്ഥലം സ്കാൻ ചെയ്ത്, അവിടെ വീടോ കെട്ടിടമോ നിർമ്മിച്ച് പരീക്ഷിച്ചു നോക്കാൻ സാധ്യമാകും. ഫർണിച്ചറുകളുടെ തെരഞ്ഞെടുപ്പ്, ഫർണിഷിംഗ് രീതി, പെയിൻറിങ് തുടങ്ങി എല്ലാ പണികളും യഥാർത്ഥ ജോലിക്ക് മുമ്പേ പരീക്ഷിച്ചു നോക്കാനും സാധിക്കും.

മെഡിക്കൽ രംഗം (Medical)

അമേരിക്കയിലോ ലണ്ടനിലോ ഉള്ള പ്രശസ്തനായ ഒരു ഡോക്ടറുടെ സേവനം കേരളത്തിലെ ഒരു ഗ്രാമത്തിൽ ലഭ്യമാകുക ,എന്നാൽ ഇന്ന് ചിന്തിക്കാവുന്നതിൽ അപ്പുറമാണ്. എന്നാൽ മെറ്റാവേഴ്‌സിലൂടെ ഇതിനുള്ള സാധ്യതയും തെളിഞ്ഞുവരുന്നു.

മീറ്റിങ്ങുകൾ ( Meeting/Conference)

ഓൺലൈൻ യോഗങ്ങൾ ഇന്ന് സജീവമാണെങ്കിലും അതിൻറെ മെറ്റാവേഴ്സ് രൂപം വ്യത്യസ്തമായിരിക്കും. ക്ലെയിന്റുകളെയും ഡയറക്ടർമാരെയും സ്വന്തം വെർച്വൽ ഓഫീസ് മുറിയിലേക്കോ മറ്റു വെർച്വൽ സ്പേസിലേക്ക് കൊണ്ടുവന്ന് സംസാരിക്കാൻ മെറ്റാവേഴ്സ് സൗകര്യമൊരുക്കും.

ടൂറിസം (Tourism)

വീട്ടിലെ സ്വീകരണ മുറിയിൽ ഇരുന്ന് ലോകത്തെ മറ്റേതെങ്കിലും കോണിലുള്ള പ്രശസ്ത മ്യൂസിയങ്ങളിലും പുരാവസ്തു കേന്ദ്രങ്ങളിലും പോകാനും വീക്ഷിക്കാനും സ്പർശിക്കാനുമാവും. യഥാർത്ഥ യാത്രയ്ക്ക് മുന്നൊരുക്കമായും ഇങ്ങനെ വെർച്വൽ യാത്രയ്ക്ക് പ്രിയമേറും. പ്രമുഖ ടൂറിസം കമ്പനികളെല്ലാം വെർച്വൽ ടൂർ ഒരുക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ക്വാളിറ്റി അറിഞ്ഞുകൊണ്ട് ഹോട്ടൽ മുറി ബുക്ക് ചെയ്യാനും ഇതിലൂടെ സാധ്യമാവും.

മാർക്കറ്റിംഗ്

വൺപ്ലസ് മൊബൈൽ കമ്പനി തങ്ങളുടെ പുതിയ ഫോണിൻറെ അൺബോക്സിങ് ഓഗ്മെൻറഡ് റിയാലിറ്റിയിലൂടെ ചെയ്തത് വലിയ സ്വീകാര്യത നേടിയിരുന്നു. ഇത്തരത്തിൽ 3ഡി സിമുലേഷനും പ്രോഡക്റ്റ് ഡിസൈനിങ്ങും, നിർമ്മാണ സമയത്തെ പ്രശ്നങ്ങൾ കുറയ്ക്കാനും ഡിമാൻഡ് കൂട്ടാനുമൊക്കെ സാധിക്കുന്നു എന്നത് കമ്പനികൾക്ക് ഗുണം ചെയ്യും.

ഓട്ടോമോട്ടീവ്

ഗെയിമിംഗ് കൺസോളുകളും വിആർ ഹെഡ് സെറ്റുകളും ഉപയോഗിച്ച് വാഹനം ഓടിക്കാനും ഇൻറീരിയർ, ഡാഷ്ബോർഡ് തുടങ്ങിയവ തൊട്ടുനോക്കി മനസ്സിലാക്കാനും സഹായിക്കുന്നു.

സിനിമ / പരസ്യം

നമുക്ക് ഇഷ്ടമുള്ള തിയേറ്ററിൽ ഇഷ്ടമുള്ള നടനൊപ്പം സിനിമ കാണാൻ ഇരുന്നാലോ? അവരോട് സംസാരിക്കാനും സമ്മാനങ്ങൾ കൈമാറാനുമൊക്കെ സാധിക്കുന്ന രീതിയിൽ സിനിമ റിലീസിംഗ് മാറിക്കൊണ്ടിരിക്കുകയാണ്. പരസ്യ രംഗത്തും വെർച്വൽ ബ്രോഷറുകളടക്കം കമ്പനികൾ പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു. ഇപ്പോൾ പല സിനിമകളുടെയുടെയും വെബ് സീരീസ്കളുടെയും പ്രൊമോഷൻസ് മെറ്റാവേഴ്‌സിൽ നടത്തി വരുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *