ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി 25 മുതൽ 28 വരെ കുമരകത്ത് നടക്കും. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനാണ് സംഘാടകർ. 15 വർഷം കൊണ്ട് കേരളം ഉത്തരവാദിത്ത ടൂറിസം മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും ഉത്തരവാദിത്ത ടൂറിസത്തിലെ നവ പ്രവണതകൾ സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങളിൽ കൂട്ടിച്ചേർക്കാനും ഉച്ചകോടി ലക്ഷ്യമിടുന്നു.
26 രാവിലെ 9 ന് കുമരകം ലേക്ക് സോങ് റിസോർട്ടിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷനാകും. യുഎൻ വിമൻ പ്രതിനിധി സൂസൻ ഫെർഗൂസൺ, രാജ്യാന്തര ഉത്തരവാദിത്ത ടൂറിസം കേന്ദ്രം സ്ഥാപകൻ ഡോ. ഹാരോൾഡ് ഗുഡ്വിൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.