സാമൂഹ്യ സുരക്ഷാ പെൻഷൻ; ഫെബ്രുവരി 28 നകം സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പെൻഷൻ ലഭിക്കില്ല.

2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളാണ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. കർഷകത്തൊഴിലാളി പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, ഡിസബിലിറ്റി പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ, വിധവാ പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

പെൻഷൻ അനുവദിച്ച തദ്ദേശ സ്ഥാപനത്തിലാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. ഫെബ്രുവരി 28 നുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കത്തവരെ പെൻഷൻ ഗുണഭോക്‌തൃ പട്ടികയിൽ നിന്ന് നീക്കം ചെയ്യും. ഇത്തരക്കാർക്ക് 2023 മാർച്ച് മുതൽ പെൻഷൻ അനുവദിക്കില്ല. എങ്കിലും പിന്നീടു സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് പെൻഷൻ പുന:സ്ഥാപിച്ചു നൽകും. എന്നാൽ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതു മൂലം തടയപ്പെട്ട കാലത്തെ പെൻഷൻ കൂടിശ്ശികയ്ക്ക് ഗുണഭോക്താവിന് അർഹത ഉണ്ടാവില്ല.

സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നതിനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. അതിൽ കൂടുതൽ വരുമാനമുള്ളവരെ പെൻഷൻ പട്ടികയിൽ നിന്ന് സ്ഥിരമായി ഒഴിവാക്കും. അക്ഷയ കേന്ദ്രങ്ങളിലൂടെയാണ് വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷ നൽകേണ്ടത്.  

2019 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ടവർ മാത്രമേ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുള്ളൂ. അതിനു ശേഷമുള്ള ഗുണഭോക്താക്കൾ  സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ല. അനർഹമായി നിരവധി പേർ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന് സർക്കാർ കണ്ടെത്തിയിട്ടുണ്ട്. അനർഹരെ ഒഴിവാക്കുന്നതിനുള്ള പ്രാരംഭ നടപടിയായാണ് പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *