അടുത്ത 4 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ KSEB വൈദ്യുതി ബോർഡ്

അടുത്ത 4 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നിർദേശം റഗുലേറ്ററി കമ്മിഷൻ മുൻപാകെ വൈദ്യുതി ബോർഡ് സമർപ്പിച്ചു. 2023–24 സാമ്പത്തിക വർഷം യൂണിറ്റിനു ശരാശരി 40 പൈസയും 2024–25ൽ 36 പൈസയും 2025–26ൽ 13 പൈസയും 2026–27ൽ ഒരു പൈസയും വർധിപ്പിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം.

റഗുലേറ്ററി കമ്മിഷൻ ഇത് അതേപടി അംഗീകരിക്കില്ല. ഹിയറിങ് നടത്തിയ ശേഷം കമ്മിഷൻ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ ജൂൺ 26നു നിലവിൽ വന്ന നിരക്ക് വർധനയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിരക്ക് നിർദേശങ്ങൾ ബോർഡ് സമർപ്പിച്ചത്. കഴിഞ്ഞ വർഷം 1010.94 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുന്ന വർധനയാണ് അനുവദിച്ചത്.

പുതിയ നിർദേശമനുസരിച്ച് നിരക്കു വർധനയിലൂടെ 2023–24ൽ 1044.43 കോടി രൂപയുടെയും 2024–25ൽ 834.17 കോടിയുടെയും അധിക വരുമാനമാണ് ബോർഡ് പ്രതീക്ഷിക്കുന്നത്. തുടർന്നു 2025–26ൽ 472.64 കോടിയും 2026–27ൽ 29.80 കോടിയും പ്രതീക്ഷിക്കുന്നു. 5 വർഷത്തെ നിരക്കു വർധന ഒന്നിച്ചു തീരുമാനിക്കാൻ റഗുലേറ്ററി കമ്മിഷൻ നേരത്തേ നിശ്ചയിച്ചിരുന്നെങ്കിലും ഒരു വർഷത്തെ നിരക്കു മാത്രമേ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നുള്ളൂ. അടുത്ത 4 വർഷത്തെ നിർദേശം പ്രത്യേകം സമർപ്പിക്കണമെന്ന് അന്നു കമ്മിഷൻ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് പുതിയ നിരക്കു നിർദേശം ബോർഡ് സമർപ്പിച്ചത്. അടുത്ത ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെയുള്ള പുതുക്കിയ നിരക്കുകളാണ് ഇത്.

ബിപിഎല്ലുകാർക്ക് വർധനയില്ല. സബ്സിഡിയുള്ള ഉപയോക്താക്കൾ, എൻഡോസൾഫാൻ ഇരകളുടെ കുടുംബങ്ങൾ, ബിപിഎൽ കുടുംബങ്ങൾ, ജലവിതരണ പദ്ധതികൾ എന്നിവയ്ക്ക് നിലവിലുള്ള ആനുകൂല്യങ്ങൾ തുടരും.

Leave a Reply

Your email address will not be published. Required fields are marked *