സാമ്പത്തിക പ്രതിസന്ധി രൂക്ഷo, പാകിസ്ഥാനിൽ പെട്രോൾ വില 272 രൂപയായി ഉയർത്തി

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ ഇന്ധനവില സർവകാല റെക്കോർഡിൽ. വായ്പ ലഭിക്കുന്നതിനായി ഐഎംഎഫിന്റെ നിർദേശങ്ങൾ അം​ഗീകരിച്ചതിന് പിന്നാലെ പെട്രോളിന്റെയും ഗ്യാസിന്റെയും വില കുത്തനെ ഉയർത്തി.

ഒറ്റ ദിനം 22.20 രൂപ വർധിപ്പിച്ച് പെട്രോൾ വില ലിറ്ററിന് 272 രൂപയായി ഉയർത്തിയെന്ന് ധനകാര്യ വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.  ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയാണ് വിലകുതിച്ചുകയറാൻ കാരണമെന്നാണ് വിശദീകരണം. പ്രീമിയം ഡീസലിന്റെ വില 17.20 രൂപ വർധിപ്പിച്ച് ലിറ്ററിന് 280 രൂപയായി. മണ്ണെണ്ണ വില ലിറ്ററിന് 202.73 രൂപയായി ഉയർന്നു. 12.90 രൂപയാണ് വർധിപ്പിച്ചത്. സാധാരണ ഡീസൽ വില 9.68 രൂപ വർധിപ്പിച്ച് 196.68 രൂപയായി. പുതിയ വില വ്യാഴാഴ്ച പുലർച്ചെ 12 മണി മുതൽ പ്രാബല്യത്തിൽ വന്നെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. 

ആവശ്യപ്പെട്ട വായ്പ ലഭിക്കണമെങ്കിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിലെ വർധന വേണമെന്ന് ഐഎംഎഫ് നിർദേശം മുന്നോട്ടുവെച്ചിരുന്നു. നിലവിൽ തന്നെ ഉയർന്ന പണപ്പെരുപ്പം നേരിടുന്ന രാജ്യത്ത് ഇന്ധനവിലവർധന വൻ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ മിനി ബജറ്റ് അവതരിപ്പിച്ചിരുന്നു. 

നികുതി പിരിവ് സജീവമാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. 115 ബില്യൺ രൂപയുടെ നികുതി പിരിച്ചെടുക്കുന്നതിനായി 17 ശതമാനമായിരുന്ന ജനറൽ സെയിൽസ് ടാക്സ്  18 ശതമാനമായി ഉയർത്തി. ബാക്കിയുള്ള 55 ബില്യൺ രൂപ മറ്റ് നടപടികളിലൂടെ ഉണ്ടാക്കുമെന്നാണ് സർക്കാർ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *