വ്യവസായ വകുപ്പിനു കീഴിലെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) വിരമിക്കൽ പ്രായം 58 ൽ നിന്ന് 60 ആക്കാനുള്ള ശുപാർശ സർക്കാരിനു നൽകി. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം അറുപതാക്കാനുള്ള ഉത്തരവ് എതിർപ്പിനെത്തുടർന്നു സർക്കാർ പിൻവലിച്ചെങ്കിലും ഓരോ സ്ഥാപനത്തിലും പ്രത്യേകമായി പ്രായം ഉയർത്താനാണോ നീക്കമെന്നു സംശയമുണ്ട്.
56, 58, 60 എന്നിങ്ങനെ പലതരത്തിലാണ് നിലവിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം. എല്ലാ സ്ഥാപനങ്ങളിലും 60 ആയി ഏകീകരിക്കണമെന്ന വിദഗ്ധ സമിതി ശുപാർശ ശരിവച്ച് സർക്കാർ കഴിഞ്ഞ ഒക്ടോബറിൽ ഉത്തരവിറക്കിയിരുന്നു. രാഷ്ട്രീയഭേദമില്ലാതെ യുവജനസംഘടനകൾ രംഗത്തിറങ്ങിയതോടെ ഒരാഴ്ചയ്ക്കകം ഉത്തരവ് പിൻവലിക്കേണ്ടിവന്നു. വലിയ റിപ്പോർട്ടിലെ ചെറിയ ഭാഗം ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു വിശദീകരണം. കെഎസ്ഐഡിസിയിൽ 40 സ്ഥിരം ജീവനക്കാരേയുള്ളൂ. എന്നാൽ, വിരമിക്കൽ പ്രായം 60 ആക്കിയാൽ കരാർ ജീവനക്കാർക്കും ബാധകമാകും.