ജനുവരിയിൽ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ റീടൈൽ പണപ്പെരുപ്പം 6.52 ശതമാനത്തിലേക്ക് ഉയർന്നു. 2022 ജനുവരിയിൽ റീട്ടെയിൽ പണപ്പെരുപ്പം 6.01 ശതമാനമായിരുന്നു.ഡിസംബറിൽ, സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.72 ശതമാനവും പ്രധാന പണപ്പെരുപ്പം 6.10 ശതമാനവുമാണ്.
ഉപഭോക്തൃ വില സൂചിക (സിപിഐ) എന്നും അറിയപ്പെടുന്ന ചില്ലറ പണപ്പെരുപ്പം, കുടുംബങ്ങൾ അവരുടെ ദൈനംദിന ഉപഭോഗത്തിനായി വാങ്ങുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും ചില്ലറ വിലയിലെ മാറ്റം സൂചിപ്പിക്കുന്നതാണ്. ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളിൽ പണപ്പെരുപ്പം 6.85 ശതമാനമായി ഉയർന്നു. രാജ്യത്തിന്റെ നഗരപ്രദേശങ്ങളിൽ ഇത് 6 ശതമാനമായി. ഭക്ഷ്യവിലപ്പെരുപ്പം 5.43 ശതമാനത്തിൽ നിന്ന് 5.94 ശതമാനമായി രേഖപ്പെടുത്തി. 2022 ഡിസംബറിൽ രേഖപ്പെടുത്തിയ 4.19 ശതമാനത്തേക്കാൾ കൂടുതലാണിത്.
20223 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 6.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് അടുത്തിടെ പുറത്തിറക്കിയ ധനനയ പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. 2024 സാമ്പത്തിക വർഷത്തിൽ ഇത് 5.3 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം കുറയുമെങ്കിലും അത് 4 ശതമാനത്തിന് മുകളിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പണപ്പെരുപ്പം 4 ശതമാനത്തിൽ നിലനിർത്താൻ ആർബിഐ ശ്രമം തുടരുകയാണ്.
അതേസമയം, രാജ്യത്ത് ജനുവരിയിലെ മൊത്തവിലപ്പെരുപ്പം ഡിസംബറിലെ 4.95 ശതമാനത്തിൽ നിന്ന് ജനുവരിയിൽ 4.54 ശതമാനമായി കുറഞ്ഞു.