ജനുവരി മുതൽ ജൂൺ വരെയുള്ള രണ്ട് ത്രൈമാസങ്ങളിൽ രേഖപ്പെടുത്തിയ തളർച്ചയ്ക്കുശേഷം അമേരിക്കൻ സമ്പദ് വ്യവസ്ഥ വളർച്ചയിലേക്ക് തിരിച്ചെത്തി.
ജൂലൈ സെപ്റ്റംബർ പാദത്തിൽ മുൻ കൊല്ലം ഇതേ കാലത്തേക്കാൾ 2.6% വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റെക്കോർഡ് തലത്തിലെ വിലക്കയറ്റവും പലിശ നിരക്ക് വർദ്ധനയുമുണ്ടായിട്ടും സാമ്പത്തികരംഗം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ കുതിച്ചത് ആശ്വാസം പകർന്നിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം പടിവാതിലിലെത്തി എന്നായിരുന്നു അനുമാനം. സാമ്പത്തികരംഗം ജനുവരി-മാർച്ച് കാലത്ത് 1.6% ഏപ്രിൽ-ജൂൺ കാലത്ത് 0.6% എന്നിങ്ങനെ ഇടിയുകയായിരുന്നു.
കയറ്റുമതിയിലും ഉപയോക്താക്കളുടെ ചെലവിടലിലും വർദ്ധന ഉണ്ടായതും തൊഴിൽ ലഭ്യത കൂടിയതുമാണ് നേട്ടമായത്. കയറ്റുമതി 14.4 ശതമാനവും ചെലവാക്കാൻ 1.4 ശതമാനവും ഉയർന്നു. എന്നാൽ, വർദ്ധിച്ച പലിശ നിരക്കുകൾ കാരണം റിയൽഎസ്റ്റേറ്റ് രംഗത്തെ നിക്ഷേപം തുടർച്ചയായി ആറാമത്തെ ത്രൈമാസത്തിലും ഇടിയുകതന്നെയായിരുന്നു. വാർഷികാടിസ്ഥാനത്തിൽ 26% കുറവ് രേഖപ്പെടുത്തി.